
ബിജെപി- യുഡിഎഫ് വോട്ടുകച്ചവടവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ കെ സുരേന്ദ്രന്‍. നാല്‍പത് മണ്ഡലങ്ങളില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണകരമായില്ലെന്നും സുരേന്ദ്രന്‍ സമ്മതിച്ചു. അതേസമയം, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജി വയ്ക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി സന്നദ്ധത അറിയിച്ചു.
ബിജെപിയുടെ കനത്ത തോല്‍വി അംഗീകരിച്ചുകൊണ്ടായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പത്രസമ്മേളനം. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു രണ്ട് സ്ഥലത്ത് മത്സരിച്ചത്. എന്നാല്‍ ഒരു മണ്ഡലത്തില്‍ മാത്രം മത്സരിച്ചെങ്കില്‍ വിജയിച്ചേനെ എന്നായിരുന്നു സുരേന്ദ്രന്റെ ന്യായവാദം.
90 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് വിറ്റുവെന്ന ആരോപണത്തിന് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയും ചെയ്തു. എന്‍ഡിഎയുടെ വോട്ട് കുറഞ്ഞതിന്റെ കാരണം ഘടകകക്ഷികളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച സുരേന്ദ്രന്‍ അവശേഷിക്കുന്ന ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും അറിയിച്ചു.
അതേസമയം, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജി വയ്ക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചു. ബിഡിജെഎസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തുഷാര്‍ രാജിസന്നദ്ധത അറിയിച്ചത്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിഡിജെഎസ് സജീവസാന്നിധ്യമായിരുന്നില്ലെന്നത് ശ്രദ്ധേയമായിരുന്നു.
ബിജെപിയില്‍ നിന്ന് ഘടകകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ലെന്നും എന്‍ഡിഎയുടെ സമ്പൂര്‍ണ പരാജയം കൂട്ടക്കുഴപ്പത്തിലേക്ക് നയിച്ചുവെന്നുമാണ് നേതാക്കളുടെ വാക്കുകളും രാജിസന്നദ്ധതയും വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here