രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയതെന്ന അറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു പ്രശ്‌നമാണിതെന്നും എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനം സ്വീകരിക്കേണ്ട മുന്‍കരുതലുകളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാന നിര്‍ദേശങ്ങള്‍ ഇതാ…

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
………………………………………………………………

  • വീടില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണം.

  • വീട്ടിലെ വയോജനങ്ങളും കുട്ടികളുമായി ഇടപഴകുമ്പോള്‍ നന്നായി ശ്രദ്ധിക്കണം.

  • കഴിയാവുന്നത്ര വീട്ടില്‍ നിന്നു പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും പ്രധാന മുന്‍കരുതല്‍.

  • സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ ഏറ്റവും അടുത്ത കടയില്‍ നിന്നും അത്യാവശ്യ സാധനങ്ങള്‍ മാത്രം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വാങ്ങുക.

  • സാധനം വാങ്ങാന്‍ പോകുന്ന സമയത്ത് ഡബിള്‍ മാസ്‌കുകള്‍ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസര്‍ കയ്യില്‍ കരുതാനും ശ്രദ്ധിക്കണം

  • പുറത്തുപോയി തിരിച്ചു വീട്ടിലെത്തുമ്പോള്‍ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങള്‍ മാറ്റുകയും വേണം.

  • തുമ്മല്‍, ചുമ, ജലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെതന്നെ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം.

  • വീട്ടിലെ മറ്റംഗങ്ങളും മാസ്‌ക് ധരിക്കണം.

  • രോഗലക്ഷണം കണ്ടാല്‍ ഉടനടി ടെസ്റ്റിനു വിധേയമാവുകയും കൊവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

  • മറ്റു വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.

  • അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റു വീടുകളില്‍ പോവുകയാണെങ്കില്‍ മാസ്‌കുകള്‍ ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും ആയിരിക്കണം അകത്തേയ്ക്ക് കയറേണ്ടത്. വരുന്ന ആള്‍ മാത്രമല്ല, വീട്ടിലുള്ളവരും മാസ്‌ക് ധരിച്ചുകൊണ്ട് മാത്രമേ സന്ദര്‍ശകരുമായി ഇടപഴകാന്‍ പാടുള്ളൂ.

  • ജനലുകള്‍ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പു വരുത്തണം. വായു സഞ്ചാരമുണ്ടാകുമ്പോള്‍ രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്.

  • ആളുകള്‍ നിരന്തരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍, ഉദാഹരണമായി വാതിലുകളുടെ ഹാന്റിലുകള്‍, സ്വിച്ചുകള്‍, തുടങ്ങിയവ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യുന്നതും നല്ലതാണ്.

  • നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങള്‍ മുതലായ വ്യായാമ മുറകള്‍ക്കായി പൊതു സ്ഥലം ഉപയോഗിക്കുന്നത് ഒഴിവാക്കണം

  • വ്യായാമമുറകള്‍ക്ക് വീടും വീട്ടുപരിസരവും ഉപയോഗിക്കുകയാണ് വേണ്ടത്.

  • പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ രണ്ട് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എന്‍ 95 മാസ്‌ക് ആണെങ്കില്‍ ഒരെണ്ണം ധരിച്ചാല്‍ മതി.

  • രണ്ട് മാസ്‌ക് ഉപയോഗിക്കുന്നവര്‍ ആദ്യം സര്‍ജിക്കല്‍ മാസ്‌കും പുറമെ തുണി മാസ്‌കുമാണ് ധരിക്കേണ്ടത്. അല്ലെങ്കില്‍ എന്‍-95 മാസ്‌ക് ഉപയോഗിക്കണം.

  • മാര്‍ക്കറ്റിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവരും ജീവനക്കാരും പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം.

  • ഇത്തരത്തില്‍, വീട്ടില്‍ മാസ്‌കുകള്‍ ധരിക്കേണ്ട സാഹചര്യത്തില്‍ അവ ധരിച്ചും, പുറത്തിറങ്ങുന്നത് പരമാവധി കുറച്ചും, പുറത്തിറങ്ങുന്നവര്‍ ശരീരം ശുചിയാക്കിയും, വയോജനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയും, ഗൃഹസന്ദര്‍ശനങ്ങള്‍ ഉപേക്ഷിച്ചും, വീടിനകത്തെ വായു സഞ്ചാരം ഉറപ്പാക്കിയും, വീടിനകത്തെ ശുചിത്വം പാലിച്ചും ഒക്കെ കൊവിഡ് രോഗബാധയേല്‍ക്കാത്ത ഇടങ്ങളായി നമ്മുടെ വീടുകളെ മാറ്റാന്‍ ഓരോരുത്തരും മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യസംവിധാനത്തിന്റെ സര്‍ജ് കപ്പാസിറ്റി ഉയര്‍ത്താനുള്ള പരമാവധി ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. എങ്കിലും അതൊന്നും മതിയാകാത്ത ഒരു സാഹചര്യം ഈ രീതിയില്‍ രോഗവ്യാപനം വളരുകയാണെങ്കില്‍ സംജാതമാകുമെന്നത് നമ്മള്‍ മുന്‍കൂട്ടിക്കാണേണ്ടതാണ്. ഇപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെല്ലാം പ്രവര്‍ത്തിക്കുന്നത് വലിയ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെട്ടുകൊണ്ടാണ്. അതിനിയും വര്‍ദ്ധിക്കാതെ നോക്കുക എന്നത് അതിപ്രധാനമാണ്. മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഘട്ടത്തില്‍ രോഗബാധയാല്‍ ഗുരുതരമായ വ്യക്തിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 70 ദിവസങ്ങളിലധികം നീണ്ട ചികിത്സയും പരിചരണവും നല്‍കി രോഗമുക്തമാക്കിയത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. അത്തരത്തില്‍ നിരവധി ആളുകളെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിച്ചിരുന്നു.

രോഗവ്യാപനം വല്ലാതെ ഉയരുകയാണെങ്കില്‍ ഇത്തരത്തിലുള്ള പരിചരണം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും. അതുകൊണ്ട് അത്തരമൊരു അവസ്ഥ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുത്തേ മതിയാകൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News