കൊവിഡ് : രോഗവ്യാപനം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ഉണ്ടാകുന്ന വർദ്ധന കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയമെടുക്കും എന്നാണ്. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതിൽ നിന്നും മനസ്സിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ പറഞ്ഞു.

ലാൻസെറ്റ് ഗ്ളോബൽ ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നത് ഒന്നാമത്തെ തരംഗത്തിൽ നിന്നും വ്യത്യസ്തമായി നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കൊവിഡിൻ്റെ രണ്ടാം തരംഗം വ്യാപിച്ചു എന്നാണ്.

ഇന്ത്യയിൽ ഇത്തവണ മരണങ്ങൾ വർദ്ധിക്കാൻ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ആരോഗ്യസംവിധാനങ്ങളുടെ ദൗർലഭ്യമാണ് ഈ സ്ഥിതിവിശേഷത്തെ കൂടുതൽ ഗുരുതരമാക്കിയിരിക്കുന്നത്. പഞ്ചാബിൽ 80 ശതമാനത്തിൽ കൂടുതൽ ആളുകൾ ലക്ഷണങ്ങൾ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ തേടിയെത്തിയത് എന്നും പഠനം വ്യക്തമാക്കുന്നു.

കേരളത്തിലും രണ്ടാമത്തെ തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ മുൻപുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്. എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങൾ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണെന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങൾ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണം.

ഹോം ക്വാറൻ്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കണം. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ചുകൊണ്ട് അവരുടെ ഓക്സിജൻ നില ഇടയ്ക്കിടെ മോണിറ്റർ ചെയ്യുകയും, എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വാർഡ് മെമ്പർറുമായോ ആരോഗ്യപ്രവർത്തകരുമായോ ഹെല്പ്ലൈനുമായോ ബന്ധപ്പെട്ടുകൊണ്ട് തുടർനടപടികൾ സ്വീകരിക്കണം. ആർക്കെങ്കിലും ചികിത്സ ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്ന ദിവസം പൗരബോധം ഉയർത്തിപ്പിടിച്ചുകൊണ്ട്, സംയമനത്തോടെ പെരുമാറിയ കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ. നമ്മൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൻ്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ നമുക്ക് കഴിഞ്ഞു. അഭിമാനാർഹമായ കാര്യമാണതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News