കൊവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കൊവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. കേരളത്തിന് ലഭിച്ച വാക്സിൻ മുഴുവൻ നല്ല രീതിയിൽ ഉപയോ​ഗിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കോടി ഡോസ്  വാക്സിൻ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് വാക്സിൻ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മനുഷ്യൻ ആശങ്കയിൽ നിൽക്കുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടത്. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചത് 7338860 ഡോസ് വാക്സിൻ ആണ്.നല്ല രീതിയിൽ ആ വാക്സിൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്സിൻ വയലിനകത്തും വേസ്റ്റേജ് ഫാക്ടർ എന്ന നിലയിൽ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും നമ്മൾ പാഴാക്കിയില്ല. അത്രയ്ക്ക് ശ്രദ്ധിച്ച് ഉപയോ​ഗിച്ചതു കൊണ്ട് 7424166 ഡോസ് വാക്സിൻ നൽകാനായി. കേന്ദ്രസർക്കാർ തന്നതിൽ കൂടുതൽ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാനായത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിൽ അഭിമാനാർഹമായ നേട്ടമാണ് നേടിയത്. വാക്സിൻ ഇപ്പോൾ ലഭിക്കുന്നില്ല. 45 ന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറാവണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാനാവും വിധം വാക്സിൻ വിതരണം ഉറപ്പാക്കണം. സംസ്ഥാനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ദൗർലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു. എല്ലാ വാക്സിനും നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. അത് ആവർത്തിച്ച് വ്യക്തമാക്കുന്നു. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം.

കേന്ദ്രമാണ് വാക്സിൻ നൽകേണ്ടത്. അവരുടെ നയമനുസരിച്ച് 18 ന് മുകളിലുള്ളവർക്ക് സർക്കാർ-സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണം. സർക്കാർ വിചാരിച്ചാൽ വാക്സിൻ കിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് 18 ന് മുകളിലുള്ളവർക്ക് പ്രത്യേക ക്രമീകരണത്തിലൂടെ വാക്സിൻ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News