കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ ഞെട്ടി നേതൃത്വം ;പരസ്പരം പഴി ചാരി കോണ്‍ഗ്രസ്സും ലീഗും

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍ വന്‍ കുറവുണ്ടായത്. അതേസമയം, വോട്ട് ചോര്‍ച്ചയില്‍ പരസ്പരം പഴി ചാരുകയാണ് കോണ്‍ഗ്രസ്സും ലീഗും.

യുഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലമായിരുന്നു കണ്ണൂര്‍. എന്നാല്‍ ഫലം വന്നപ്പോള്‍ 1745 വോട്ടിന് തോറ്റു. വോട്ട് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ശക്തികേന്ദ്രങ്ങളിലാണ് വോട്ട് ചോര്‍ച്ച ഉണ്ടായത്. മുസ്ലീം ലീഗിന് സ്വാധീനമുള്ള മേഖലകളില്‍ സതീശന്‍ പാച്ചേനിക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല.

6000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന പഴയ മുന്‍സിപ്പാലിറ്റി പരിധിയില്‍ ഇതിന്റെ പകുതി വോട്ട് പോലും ലഭിച്ചില്ല. കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള താളിക്കാവ്, താവക്കര മേഖലയിലും പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല. അടിയൊഴുക്ക് ഉണ്ടായെന്ന് സതീശന്‍ പാച്ചേനിയും തുറന്ന് സമ്മതിക്കുന്നു.

അഴീക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് ലീഗിന്റെ ആരോപണം. എന്നാല്‍, അഴീക്കോട് പഞ്ചായത്തില്‍ പ്രതീക്ഷിച്ച ലീഡ് ലഭിക്കാത്തതിന് കാരണം ലീഗിലെ സംഘടനാ പ്രശ്‌നങ്ങളാണെന്ന് കോണ്‍ഗ്രസ്സും ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ തോല്‍വിയില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് സതീശന്‍ പാച്ചേനി ഡി സി സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here