ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു

മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു . 104 വയസ്സായിരുന്നു. പത്തനംതിട്ട കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പൗരോഹിത്വത്തിനു മാനവികതയുടെ മുഖം നൽകിയാണ് മഹാ ഇടയൻ വലിയ മെത്രാപോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വിട വാങ്ങിയത് . ലോക മലയാളി മനസ്സിലും ക്രൈസ്തവ സഭകൾക്കും അഭിമാനപ്പൂർവ്വം ഉയർത്തിക്കാട്ടാവുന്ന ജീവിതത്തിനുടമ കൂടിയായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും സർവ്വരേയും സ്നേഹത്തിൽ ഊട്ടിയുറപ്പിച്ച തിരുമേനി. ലോകത്തിന് മുന്നിൽ പൗരോഹിത്യത്തിന് മാനവികതയും ദാർശനികതയും ഒരു പോലെ നൽകിയ മഹാ ഇടയൻ. സ്വർണനാവിനു ഉടമ,പ്രാർത്ഥനാ നിർഭരമായ ജീവിതത്തിനും ആത്മീയ ചിന്തകൾക്കും വിശ്വാസ ആചാരങ്ങൾക്കും പുറമേ, ഒരു ജനതയുടെ സാമൂഹികവും സാംസ്ക്കാരികവുമായ സുരക്ഷിത ജീവിതം കൂടി ഭദ്രമാക്കാനുളള ചിന്തകളിലും കർമ്മങ്ങളിലും കാരുണ്യ പ്രവൃത്തികളിലും വ്യാപൃതനായ ആത്മീയാചാര്യൻ. പ്രസംഗത്തിലൂടെയും സ്വകാര്യ സംഭാഷണത്തിലൂടെയും ചിരിയുടെ ഓളങ്ങൾ തീർക്കുന്ന തിരുമേനി, പ്രസംഗവും ജീവിതവും രണ്ടുവഴിക്കാകരുതെന്ന് എന്നും ഓർമപ്പെടുത്തിയ ജീവിതം. വിശേഷണങ്ങൾക്കെല്ലാം അപ്പുറമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം.

കുമ്പനാട് അടങ്ങാപ്പുറത്ത് കലമണ്ണിൽ കെ.ഇ.ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് ജനനം.പൗരോഹിത്യത്തിന്റെ പടവുകൾ കയറിയ ആ ജീവിതം – മർത്തോമ സഭയ്ക്ക് മാത്രമല്ല ക്രൈസ്തവ സഹോദരി സഭകൾക്കും അഭിമാന പൂർവ്വം ചൂണ്ടിക്കാണിക്കാൻ ഉതകുന്ന അനുഗ്രഹീത ജീവിതവുമായി പിന്നീട് മാറി.മാരാമണ്‍ സ്കൂളിലായിരുന്നു പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം.കോഴഞ്ചേരി, മാരാമണ്‍, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദ പഠനം ആലുവ യു.സി കോളേജില്‍. 1947-ല്‍ വൈദികനായി.1953 മേയ് 23-ന് ജോണ്‍ ക്രിസോസ്റ്റം എന്ന വിശുദ്ധന്‍റെ പേര് സ്വീകരിച്ചു.ഡോ.അലക്സാണ്ടർ മെത്രാപോലീത്ത സ്ഥാനം ഒഴിഞ്ഞതോടെ 1999 ഒക്ടോബർ 23-ന് സഭയുടെ അമരക്കാരനായി.

2007 ഒക്ടോബര്‍ 2-ന് അദ്ദേഹം വലിയ മെത്രോപോലീത്ത സ്ഥാനം ഏറ്റെടുത്തു.2017 ഏപ്രിൽ 27-ന് ശതാഭിഷിക്തനായി.2018-ൽ പത്മഭൂഷൻ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ശിഷ്ട ജീവിതം ജീവകാരുണ്യത്തിനായി നീക്കിവച്ച അദ്ദേഹം 3 വർഷമായി സദാ ആസ്ഥാനത്തും ആശുപത്രിയിലുമായി വിശ്രമത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News