‘പിതാവേ,നിൻ്റെ നിഴലെൻ്റെ മേൽ ചിത്രം വരച്ചു’ ക്രിസോസ്റ്റം തിരുമേനിയെ കുറിച്ച് വിനോദ് വൈശാഖി എഴുതുന്നു

മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയുടെ വിയോഗത്തിൽ കവിയും അധ്യാപകനുമായ വിനോദ് വൈശാഖി എഴുതിയ കവിത ശ്രദ്ധേയമാകുന്നു..പത്തനം തിട്ടയിലെ ബാലസംഘത്തിൻ്റെ മഹാസമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുകയുണ്ടായെന്നും അവിടെവെച്ച് ഒരു കവിത പിറന്നുവെന്നും അദ്ദേഹം പറയുന്നു.

വിനോദ് വൈശാഖി എഴുതുന്നു

പൗരോഹിത്വത്തിനിടയിൽ മാനവികതയുടെ മുഖമായ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വിടവാങ്ങി.ജ്ഞാനം ഇടയനുവടിപോലെയാണ് അത് കുഞ്ഞാടുകളെതെളിക്കാനുള്ളതാണ്.പത്തനം തിട്ടയിലെ ബാലസംഘത്തിൻ്റെ മഹാസമ്മേളനത്തിൽ ഒപ്പം പങ്കെടുത്തു. വേദിയിൽ തൊട്ടുരുമ്മിയിരുന്നു. കൈകൾ കൊരുത്തു.മാത്രമല്ല ഒരു കവിതയും പിറന്നു. കൊഹേലത്ത് എന്ന സഭാപ്രസംഗകനെ കുറിച്ച്…

കൊഹേലത്ത്

വിനോദ് വൈശാഖി

ജ്ഞാനം
ഇടയൻ്റെ വടിയാണ്
ചൂണ്ടിയാൽ
മുത്തും പവിഴവും
ചിരിയോടെ ചിതറും

പച്ചകൾ
കുന്നിനായ് ദാഹിക്കും
കുഞ്ഞാടുകൾ
ഒപ്പം ചലിക്കും

കായ്കനികൾക്കായ്
മരത്തിൻ്റെ ചില്ല
തുടിക്കും
വസന്തത്തിനായ്
പൂന്തോട്ടം വിളിക്കും

പിതാവേ,
നിൻ്റെ നിഴലെൻ്റെ മേൽ
ചിത്രം വരച്ചു.
വെൺമേഘക്കൂട്ടം പോൽ
തൂങ്ങിക്കളിക്കുവാൻ
ചങ്ങാതിയാവുക

ഇടയൻ്റെ വടിയൊപ്പം
പോരുന്നിടത്തൊരു
ചെന്നായ
പതിയിരിക്കില്ല

ചരൽവഴികൾ
പാദത്തിൽ
വേദനയാകില്ല
കാറ്റിൻ്റെ മാലാഖമാർ
വിശറിയായ്
മുന്നിൽ ചിരിച്ചു നില്പുണ്ട്.

ഇടയാ
വടിക്കൊപ്പമെന്നും
ഒറ്റനക്ഷത്രം നടക്കും
കവിയായ് കൊഹേലത്ത്….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News