
മാസ്‌ക് ധരിക്കാത്തവരോട് പൊലീസ് ബലപ്രയോഗമോ, അപമര്യാദയായി പെരുമാറുവാനോ പാടില്ലെന്ന് ഹൈക്കോടതി.ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു . പൊലീസിൽ ചെറിയൊരു വിഭാഗം ശരിയല്ലാത്ത വിധം പെരുമാറുന്നുണ്ട്. ഇതനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിന് പൊലീസ് മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് കോഴിക്കോട് കൊയിലാണ്ടി സ്വദേശി വൈശാഖ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
എറണാകുളം മുനമ്പത്ത് ഡ്രൈവറായ ഹരജിക്കാരൻ ഏപ്രിൽ 16ന് ഉച്ച ഊണ് കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് നടക്കുമ്പോഴാണ് പൊലീസ് പിടികൂടിയതെന്ന് ഹരജിയിൽ പറയുന്നു. ഫോണിൽ സംസാരിക്കാൻ മാസ്‌ക് മാറ്റുമ്പോഴാണ് പൊലീസുകാർ പിടികൂടിയത്. പൊലീസുകാർ അസഭ്യം പറയുകയും എതിർത്തപ്പോൾ സ്റ്റേഷനിൽ കൊണ്ടുപോയി രണ്ട് പൊലീസുകാർ ഉപദ്രവിക്കുകയും ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. എറണാകുളം റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങിയതെന്ന് ഹരജിക്കാരൻ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. സത്യമാണെങ്കിൽ ഡി.ജി.പിയുടെ ഇടപെടൽ വേണ്ടതുണ്ട്.ആരോപണം പരിശോധിച്ച് ഡി.ജി.പി സത്യാവസ്ഥ വ്യക്തമാക്കി റിപ്പോർട്ട് നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തുടർന്ന് ഹരജി ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here