ADVERTISEMENT
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങളുടെ വോട്ടു പോലും ബി.ജെ.പി യെ കൈവിട്ടതായി കണക്കുകൾ. കേരളത്തിൽ 30 ലക്ഷത്തോളം മെമ്പർഷിപ്പുള്ള ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 26 ലക്ഷത്തിൽ താഴെ വോട്ടുകൾ. എൻ ഡി എ യുടെ ഘടകകക്ഷികൾ പോലും ബി.ജെ.പിക്കൊപ്പം നിന്നില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
2015 ഏപ്രിൽ 30ന് ബി.ജെ.പി പുറത്ത് വിട്ട കണക്കനുസരിച്ച് കേരളത്തിൽ ബിജെപിക്ക് ആകെയുള്ള മെമ്പർഷിപ്പ് 14,74,544. എന്നാൽ 2019 ജൂലൈ 6 മുതൽ 2020 ജനുവരി 31 വരെ ബി.ജെ.പി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ പത്ത് ലക്ഷത്തോളം അംഗങ്ങൾ കൂടുതൽ പാർട്ടിയിൽ ചേർന്നെന്നാണ് അന്നത്തെ സംസ്ഥാന അധ്യക്ഷൻ പത്രപ്രസ്താവനയിൽ അറിയിച്ചത്.
കൃത്യമായ കണക്കും അദ്ദേഹം പുറത്ത് വിട്ടിരുന്നു.അത് ഇങ്ങനെയാണ്. ബി.ജെ.പിയുടെ മിസ്ഡ് കോൾ ക്യാമ്പയിനിലൂടെ 6.25 ലക്ഷം. മെമ്പർഷിപ്പ് ഫോം വഴി നാല് ലക്ഷം. ഒരു ലക്ഷം പേർ അല്ലാതെയും പാർട്ടി അംഗത്വമെടുത്തു. ശ്രീധരൻ പിള്ളയുടെ ഈ കണക്കനുസരിച്ച് 2015ലെ മെമ്പർഷിപ്പും ഘടകകക്ഷികളുടെ വോട്ടുകളും കൂടി ചേർക്കുമ്പോൾ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ യ്ക്ക് 30 ലക്ഷത്തോളം അംഗങ്ങൾ ഉണ്ടാകും.അതായത് 30 ലക്ഷം പാർട്ടി വോട്ട്.
എന്നാൽ ബി ജെ പി യ്ക്ക് ഇത്തവണ ലഭിച്ച വോട്ട് 25,92,139 മാത്രം. കൃത്യമായി പറഞ്ഞാൽ പാർട്ടി അംഗങ്ങളുടെ എണ്ണത്തെക്കാൾ നാല് ലക്ഷത്തോളം വോട്ടുകളുടെ കുറവ്. അതായത് പാർട്ടി അംഗങ്ങൾ പോലും ഇത്തവണ ബി.ജെ.പിയെ കൈവിട്ടെന്ന് ചുരുക്കം. 30 ലക്ഷം പാർട്ടി അംഗങ്ങൾ ഉള്ള ബി ജെ പി ക്ക് അവരുടെ കുടുംബത്തിൽ നിന്ന് ഒരാൾ എങ്കിലും വോട്ടിട്ടാൽ വലിയ വിജയം നേടാമെന്നിരിക്കെ അവരും വോട്ട് നൽകിയില്ലന്ന് കണക്കുകൾ പറയും.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ലക്ഷത്തോളം മെമ്പർഷിപ്പുണ്ടായിരുന്ന ബി ജെ പി യ്ക്ക് അന്ന് 30,20,670 വോട്ട് ലഭിച്ചു എന്നാൽ ഇത്തവണ 30 ലക്ഷം മെമ്പർഷിപ്പിലേക്ക് വർദ്ധിച്ചപ്പോൾ 25,92,139 വോട്ട് മാത്രമാണ് ലഭിച്ചത്.4, 28,531 വോട്ടുകളുടെ കുറവ്.
ബി.ജെ.പിയുടെ കണക്കനുസരിച്ച് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2021 ൽ 15 ലക്ഷത്തോളം അംഗങ്ങൾ വർദ്ധിച്ചിട്ടും വോട്ട് വിഹിതത്തിൽ വർദ്ധന ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് ചുരുക്കം.
Get real time update about this post categories directly on your device, subscribe now.