മനുഷ്യര്‍ മരിച്ചു വീഴുമ്പോള്‍ പശുക്കള്‍ക്കായി ഹെല്‍പ്ഡെസ്‌ക് ഒരുക്കി യു പി സര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധിയില്‍ ആയിരങ്ങള്‍ മരിച്ചുവീഴുന്നതിനിടെ പുതിയ പശുസംരക്ഷണ നടപടികളുമായി ഉത്തര്‍പ്രദേശ് ഭരണകൂടം. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഗോസംരക്ഷണത്തിനായി ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കാന്‍ യോഗി ആദിത്യനാഥ് ഭരണകൂടം തീരുമാനിച്ചു. എല്ലാ ഗോശാലകളിലും ശക്തമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പശുക്കള്‍ക്കായുള്ള തെര്‍മല്‍ സ്‌കാനറുകള്‍, ഓക്സിമീറ്ററുകള്‍ അടക്കമുള്ള മുഴുവന്‍ മെഡിക്കല്‍ സജ്ജീകരണങ്ങളും ഗോശാലകളില്‍ ഒരുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടും.

ഔദ്യോഗിക കണക്കു പ്രകാരം യു പിയില്‍ 5,268 പശുസംരക്ഷണ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവിടങ്ങളിലായി 5,73,417 പശുക്കളാണ് എല്ലാവിധ പരിചണങ്ങളുമായി കഴിയുന്നത്. ഇതിനു പുറമെ 4,64,311 പശുക്കളെ 4,529 താല്‍ക്കാലിക ഗോശാലകളിലും സംരക്ഷിക്കുന്നുണ്ട്. അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ യു പിയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങളാണ് ഓക്സിജന്‍, വാക്സിന്‍ അടക്കമുള്ള മെഡിക്കല്‍ സജ്ജീകരണങ്ങളുടെ ക്ഷാമം കാരണം ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. യു പിയില്‍ പല ജില്ലകളിലും ലക്ഷക്കണക്കിനു പേര്‍ക്ക് ഒരേയൊരു കൊവിഡ് ആശുപത്രിയാണുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉള്ള ആശുപത്രികളില്‍ തന്നെ വളരെ ശുഷ്‌കമായ സൗകര്യങ്ങളേയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News