ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാവില്ല; ദില്ലിക്ക് നല്‍കുന്ന ഓക്‌സിജന്റെ കണക്ക് വേണമെന്നും സുപ്രീംകോടതി

ഓക്‌സിജന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരായ ദില്ലി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കോടതിയലക്ഷ്യമല്ലെന്നും. ഉദ്യോഗസ്ഥരെ പിടിച്ച് ജയിലിലടച്ചാല്‍ ഓക്‌സിജന്‍ കിട്ടുമോയെന്നും കോടതി ചോദിച്ചു. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാവില്ലെന്നും ദില്ലിക്ക് നല്‍കുന്ന ഓക്‌സിജന്റെ കണക്ക് വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ദില്ലിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്നും ഓക്‌സിജന്‍ വിതരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സമഗ്ര പദ്ധതി എന്താണെന്ന് വ്യാഴാഴ്ച രാവിലെ 10.30ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഓക്‌സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ മാതൃകയാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം ഓക്‌സിജന്‍ ലഭ്യത നിരീക്ഷിക്കാനുള്ള ദില്ലി ഹൈക്കോടതിയുടെ അധികാരത്തിന് ഇപ്പോഴത്തെ സ്റ്റേ തടസമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ദില്ലിക്ക് നല്‍കുന്ന പ്രതിദിന ഓക്‌സിജന്റെ കണക്കുകള്‍ ആവശ്യപ്പെട്ട കോടതി ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

ദില്ലിയില്‍ ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടാക്കരുതെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിക്ക് നല്‍കണമെന്ന ഉത്തരവ് എന്തുകൊണ്ട് പാലിക്കുന്നില്ലെന്നും കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ദില്ലി ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരേയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.

ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും, പണി അറിയില്ലെങ്കില്‍ ഐ ഐ ടിയെ ചുമതലപ്പടുത്താനും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിലേക്ക് ദില്ലി ഹൈക്കോടതി നീങ്ങിയത്. കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുകയാണ്. 24 മണിക്കൂറിനിടെ 3780 പേരാണ് രാജ്യത്ത് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News