‘മതനിരപേക്ഷതയുടേയും മതമൈത്രിയുടേയും മായാത്ത ആത്മീയമുദ്ര’, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ മരണത്തില്‍ അനുശോചിച്ച് കോടിയേരി ബാലകൃഷ്ണന്‍

മതനിരപേക്ഷതയുടേയും മതമൈത്രിയുടേയും രാജ്യത്തെ എക്കാലത്തേയും മായാത്ത ആത്മീയമുദ്രയാണ് ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപൊലീത്തയെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മാനവികതയുടെ സന്ദേശം പ്രചരിപ്പിച്ച രാജ്യത്തെ ഏറ്റവും ശ്രേഷ്ഠനായ വര്‍ത്തമാനകാല സന്യാസിവര്യനായിരുന്നു തിരുമേനി. അനാഥരുടെയും ആലംബഹീനരുടെയും അത്താണിയാകണം ക്രൈസ്തവ സഭ എന്ന് വിശ്വസിച്ച അദ്ദേഹം കര്‍മ്മം കൊണ്ടും ജീവിതം കൊണ്ടും അതിനായി സമര്‍പ്പിതമായി പ്രവര്‍ത്തിച്ചു. ക്രിസ്തുവിന്റേയും കമ്മ്യൂണിസത്തിന്റേയും ആശയങ്ങളില്‍ സമാനത കണ്ട ഈ ആത്മീയ ആചാര്യന്‍ തികഞ്ഞ ജനപക്ഷ ദാര്‍ശനികനായിരുന്നു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും നേതാക്കളോടും അടുത്ത സ്നേഹബന്ധം പുലര്‍ത്തി.

ക്രൈസ്തസഭയും ക്രൈസ്തവരും എന്നേ ഉപേക്ഷിക്കേണ്ട ഒന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും അന്തസ്സ് വളര്‍ത്താന്‍ തന്റെ നര്‍മ്മം വിതറിയ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം നല്‍കിയ സംഭാവന ചെറുതല്ല. ചുമട്ടു തൊഴിലാളികളുടെ കഷ്ടപ്പാട് എന്തെന്ന് അറിയാന്‍ ഉത്തരേന്ത്യയുടെ റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായി പണിയെടുക്കുക വരെ ചെയ്തു അദ്ദേഹം. കേരളത്തിലെ ക്രൈസ്തവ സമൂഹത്തില്‍ വലിയൊരു സാമൂഹ്യ വിപ്ലവം കെട്ടഴിച്ചുവിട്ട മതാചാര്യന്റെ വേര്‍പാട് ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല, നല്ലവരായ എല്ലാ മനുഷ്യരുടേയും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News