വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്, നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടി വരും ; മുഖ്യമന്ത്രി

വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും  നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി. വാര്‍ഡ് തല സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും മിക്കവാറും സ്ഥലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വാക്‌സിനേഷന്‍ നടത്തിയവരുമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ സഹായിക്കാനാവും അവര്‍ക്കും ഇനി ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതില്‍ പലതരം അഭിപ്രായമുണ്ട്. ഏറ്റവും ഒടുവിലുള്ള പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരം എന്നാണ്. അതിനാല്‍ നേരത്തെ വാക്‌സിന്‍ എടുക്കാന്‍ തിരക്ക് കൂട്ടേണ്ട എന്ന് അര്‍ത്ഥം.

ഓക്‌സിജന്‍ വിതരണത്തില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. വലിയ തോതില്‍ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ ഓക്‌സിജന്‍ എത്തിക്കും. ഓക്‌സിജന്‍ പ്രധാനമായ സംഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവലോകനയോഗത്തില്‍ കണ്ട ഒരു പ്രശ്‌നം ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നുണ്ട്. അവിടെ പ്രത്യേകം പരിശോധന നടത്തും. നമ്മുടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പഠനം കഴിഞ്ഞവര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അടക്കം രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരിക്കുന്നുണ്ട്. വലിയ കാലതാമസമുള്ള പ്രക്രിയ ആയതിനാല്‍ താത്കാലിക രജിസ്‌ട്രേഷന്‍ നല്‍കി അവരേയും രംഗത്തിറക്കും. സിഎഫ്എല്‍ടിസികള്‍ നിലവില്‍ ആവശ്യത്തിനുണ്ട്.

സംസ്ഥാനത്തെ രോഗവ്യാപനസ്ഥിതി വച്ച് കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ വേണ്ടി വരും അതിനായി ലോഡ്ജുകളും ഹോസ്റ്റുകളും വേണമെന്നാണ് കാണുന്നത്. നമ്മുടെ സംസ്ഥാനത്ത് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും കുടിശ്ശിക പിരിക്കേണ്ടതില്ല. രണ്ട് മാസത്തേക്ക് അതെല്ലാം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. ബാങ്കുകളുടെ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും.

സ്വകാര്യ ഏജന്‍സികളും എന്‍ജിഒകളും രാഷ്ട്രീയപാര്‍ട്ടികള്‍ മലയാളി അസോസിയേഷനുകള്‍ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ദുരിതാശ്വാസം നേരിട്ടോ സര്‍ക്കാര്‍ വഴിയോ റവന്യൂ ആരോഗ്യവകുപ്പ് വഴിയോ വിതരണം ചെയ്യാവുന്നതാണ്. ഇതില്‍ ആവശ്യമായ സഹായങ്ങള്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കാണ് നല്‍കാന്‍ സാധിക്കുക. അത്തരം ഏജന്‍സികളെ കുറിച്ച് നോര്‍ക്ക പരിശോധിച്ച് അംഗീകാരം നല്‍കും അത്തരം ഏജന്‍സികളുടെ സഹായം നല്‍കും. അത്തരം സംഘടനകള്‍ക്ക് ഇവിടെ നേരിട്ട് ഒരു കൂട്ടരെ ഏല്‍പിച്ച് സഹായം വിതരണം ചെയ്യാന്‍ പറ്റില്ല. സഹായം ഇവിടെ നല്‍കിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനെയാവും അതെല്ലാം വിതരണം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News