തിരുവനന്തപുരത്ത് ഓക്‌സിജന്‍ വാര്‍ റൂം സജ്ജം

കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ടാകാതിരിക്കാന്‍ തിരുവനന്തപുരത്ത് ഓക്‌സിജന്‍ വാര്‍ റൂം സജ്ജമായി. ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്‌സിജന്‍ എത്തിക്കുന്നതിന് വാര്‍ റൂം ക്രമീകരണമേര്‍പ്പെടുത്തും. വിവിധയിടങ്ങളില്‍നിന്ന് ഓക്‌സിജന്‍ സംഭരിക്കുന്നതിനുമുള്ള സംഭരണ കേന്ദ്രവും ജില്ലയില്‍ സജ്ജമായി.

ആശുപത്രികള്‍, സിഎഫ്എല്‍റ്റിസികള്‍, സിഎസ്എല്‍റ്റിസികള്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആവശ്യമുള്ളതും അടിയന്തര സാഹചര്യത്തില്‍ കരുതലായി സ്റ്റോക്ക് ചെയ്യേണ്ടതുമായ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നത് നിരീക്ഷിക്കുന്നതിനായാണ് വാര്‍ റൂം.

ആശുപത്രികളിലെ ഓക്സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐ.സി.യു കിടക്കകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, നിലവില്‍ സ്റ്റോക്കുള്ള ഓക്‌സിജന്റെ അളവ്, അടുത്ത രണ്ടാഴ്ചത്തേക്കു ജില്ലയില്‍ ആവശ്യമുണ്ടായേക്കാവുന്ന ഓക്‌സിജന്റെ അളവ് എന്നീ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ഇവിടെ ശേഖരിക്കും. ഒരോ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി നോഡല്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

വഴുതക്കാട് വിമന്‍സ് കോളജ് ഓഡിറ്റോറിയമാണ് ജില്ലാതല ഓക്‌സിജന്‍ സംഭരണ കേന്ദ്രം. ജില്ലയ്ക്കു ആവശ്യമായ മുഴുവന്‍ ഓക്‌സിജനും ഇവിടെ സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.

എച്ച്.എല്‍.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം അടക്കം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സംഭരിച്ചിട്ടുള്ളതും ഫയര്‍ഫോഴ്‌സ് അടക്കമുള്ളവയുടെ പക്കല്‍ ഉള്ളതുമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ചു ഇതിനകം വിമന്‍സ് കോളേജിലെ സംഭരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ സഹായത്തോടെ ഇവയുടെ ഗുണനിലവാരം പരിശോധിച്ച ശേഷം ആവശ്യമുള്ളിടത്തേക്കു വിതരണം ചെയ്യുമെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു.

സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കളക്ടറേറ്റിലെ ഓക്‌സിജന്‍ വാര്‍ റൂമിലെ നിരീക്ഷണ സംഘം ജില്ലയിലെ ആശുപത്രകളിലെ ഓക്‌സിജന്‍ സ്ഥിതി നിരന്തരം വിലയിരുത്തി തുടര്‍ നടപടിയും സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News