എത്രയോ വ്യത്യസ്തരായ മനുഷ്യര്‍ക്ക് നര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് ആ ധന്യജീവിതം കടന്നുപോയത് ; ക്രിസോസ്റ്റം തിരുമേനിയ്ക്ക് പ്രണാമമര്‍പ്പിച്ച് തോമസ് ഐസക്

അന്തരിച്ച മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പ്രണാമമര്‍പ്പിച്ച് ധനമന്ത്രി തോമസ് ഐസക്. എത്രയോ വ്യത്യസ്തരായ മനുഷ്യര്‍ക്ക് നര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് ആ ധന്യജീവിതം കടന്നുപോയതെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ക്രൈസ്തവ വൈദിക ശ്രേഷ്ഠരില്‍ എനിക്ക് ഏറ്റവും ബഹുമാനവും ബന്ധവുമുണ്ടായിരുന്നവരില്‍ ഒരാളാണ് മാര്‍ക്രിസോസ്റ്റം തിരുമേനിയെന്നും ജനകീയാസൂത്രണ കാലത്ത് തുടങ്ങിയതാണ് ആ സൗഹൃദമെന്നും തോമസ് ഐസക് കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മാര്‍ത്തോമ വലിയ മെത്രാപൊലിത്ത മാര്‍ക്രിസോസ്റ്റം തിരുമേനിയുടെ അനുശോചനക്കുറിപ്പുകള്‍ ഞാന്‍ വായിക്കുകയായിരുന്നു. എത്രയോ വ്യത്യസ്തരായ മനുഷ്യര്‍ക്കു നര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് ആ ധന്യജീവിതം കടന്നുപോയത്. ക്രൈസ്തവ വൈദിക ശ്രേഷ്ഠരില്‍ എനിക്ക് ഏറ്റവും ബഹുമാനവും ബന്ധവുമുണ്ടായിരുന്നവരില്‍ ഒരാളാണ് മാര്‍ക്രിസോസ്റ്റം തിരുമേനി. ജനകീയാസൂത്രണ കാലത്ത് തുടങ്ങിയതാണ് ആ സൗഹൃദം.

ജനകീയാസൂത്രണത്തിന്റെ രണ്ടാം വര്‍ഷം കേരളത്തിലെ ഭൂരിപക്ഷം ബിഷപ്പുമാരെയും ഞാന്‍ നേരില്‍ കാണുകയുണ്ടായി. എന്റെ ആവശ്യം വളരെ ലളിതമായിരുന്നു. നല്ല ക്രിസ്ത്യാനികളും ഏഴാം പ്രമാണം പാലിക്കണം (പൊതുമുതല്‍ കക്കരുത്). അതുപോലെ തന്നെ ഗ്രാമസഭകളില്‍ പങ്കെടുക്കണം. ഇവ ഇടയലേഖനമായോ മറ്റേതെങ്കിലും രൂപത്തിലോ സഭ അംഗങ്ങളെ അറിയിക്കണം എന്നതായിരുന്നു അഭ്യര്‍ത്ഥന. ഇതിനോട് ഏറ്റവും ആവേശത്തോടെ പ്രതികരിച്ചത് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലിത്ത ആയിരുന്നു.

അദ്ദേഹവുമായുള്ള സംഭാഷണത്തിനിടയ്ക്ക് ജനകീയാസൂത്രണത്തെക്കുറിച്ച് ഞാന്‍ വാചാലനായപ്പോള്‍ അദ്ദേഹം ചോദിച്ചു – എവിടെ വന്നാല്‍ നിങ്ങളുടെ ഈ സ്വര്‍ഗ്ഗരാജ്യം എനിക്കു കാണുവാന്‍ കഴിയും? എവിടെ വന്നാലും സ്വര്‍ഗ്ഗരാജ്യം കാണാം എന്നായിരുന്നു എന്റെ മറുപടി. ബിഷപ്പിനു സമയം കിട്ടുമ്പോള്‍ ബന്ധപ്പെട്ടാല്‍ മതി ഞാന്‍ തന്നെ കൂട്ടിക്കൊണ്ടുപോകാം എന്നുപറഞ്ഞു പിരിഞ്ഞു.

അങ്ങനെ ഒരു ദിവസം എനിക്ക് പ്ലാനിംഗ് ബോര്‍ഡിലേയ്ക്ക് ഒരു ഫോണ്‍ വന്നു. മെത്രാപൊലീത്ത മണ്ണന്തല സെമിനാരിയിലുണ്ട്. സ്വര്‍ഗ്ഗരാജ്യം കാണാന്‍ വന്നിരിക്കുകയാണ്. ഏത് പഞ്ചായത്തില്‍ പോകണമെന്ന് അങ്ങു തന്നെ തീരുമാനിക്കൂ എന്നായി ഞാന്‍. എന്റെ മഹാഭാഗ്യം കൊണ്ട് അദ്ദേഹം തെരഞ്ഞെടുത്തത് തന്റെ വൈദികവൃത്തി ആരംഭിച്ച കുന്നത്തുകാല്‍ പഞ്ചായത്തായിരുന്നു. അന്ന് ഈ പഞ്ചായത്ത് കേരളത്തിലെ മാതൃകാ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു. അവിടത്തെ ലേബര്‍ ബാങ്ക് ഇന്ത്യ മുഴുവന്‍ ഞങ്ങള്‍ മാതൃകാ പദ്ധതിയായി കൊണ്ടാടുകയായിരുന്നു.
ആ ദിവസം മുഴുവന്‍ ഞങ്ങള്‍ കുന്നത്തുകാല്‍ പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ലേബര്‍ ബാങ്കിന്റെ പ്രവര്‍ത്തനം ആരെയും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. വൈകുന്നേരമായപ്പോള്‍ ഒരു കുന്നിന്‍ചരുവിലെ പത്തേക്കര്‍ പുരയിടത്തിലെത്തി. ലേബര്‍ ബാങ്കിനു കൃഷി ചെയ്യാന്‍ ഇത്രയും സ്ഥലം വിട്ടുകൊടുത്ത തിരുവല്ലക്കാരനെക്കുറിച്ചു പറഞ്ഞപ്പോള്‍ തിരുമേനി പ്രതിവചിച്ചു. ‘ഞങ്ങളുടെ നാട്ടുകാരന്‍ ഇങ്ങനെ ചെയ്‌തെങ്കില്‍ ഇതു സത്യം തന്നെ’.

അവിടെ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങള്‍ മെത്രാപൊലീത്തയെ വശീകരിച്ചു. ഇങ്ങനെയുള്ള പഞ്ചായത്തുകള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍ ദൈവരാജ്യം വരുമെന്ന് അദ്ദേഹം സമ്മതിച്ചു. അത്തവണത്തെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ ബിഷപ്പിന്റെ പ്രസംഗം ആരംഭിച്ചത് ഈ സന്ദര്‍ശനത്തെ ആസ്പദമാക്കിയായിരുന്നു. ലോക്കല്‍ ഡെമോക്രസി ആന്റ് ലോക്കല്‍ ഡെവലപ്പ്‌മെന്റെ എന്ന എന്റെ പുസ്തകത്തിന്റെ ഒരുകെട്ട് കോപ്പികള്‍ പ്ലാനിംഗ് ബോര്‍ഡില്‍ നിന്ന് വാങ്ങിച്ചു. മാരാമണ്‍ കണ്‍വെന്‍ഷനില്‍ അവ വിറ്റ് അതിന്റെ തുക കൃത്യമായി എനിക്ക് അയച്ചു തരികയും ചെയ്തു.

ബൈബിളിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയിലാണ് യേശു അങ്ങയുടെ രാജ്യം വരേണമേ എന്നു പ്രാര്‍ത്ഥിക്കുന്നത്. സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനല്ല, ദൈവരാജ്യം ഭൂമിയില്‍ കൊണ്ടുവരുന്നതിനാണ് പ്രാര്‍ത്ഥന. ഇത്തരമൊരു ലോകം സൃഷ്ടിക്കുന്നതില്‍ വിശ്വാസിയും അവിശ്വാസിയുമായ എല്ലാ മനുഷ്യര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകും എന്നത് ലിബറേഷന്‍ തിയോളജിയുടെ ഒരു പ്രധാന നിലപാടാണ്. ദൈവരാജ്യം എവിടെയുണ്ട് എന്ന ബിഷപ്പിന്റെ ചോദ്യത്തിന്റെ സ്വാരസ്യം ഇതായിരുന്നു.

കുന്നത്തുകാല്‍ മാതൃക തോട്ടപ്പുഴശ്ശേരിയില്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തി. പല പദ്ധതികളില്‍ സൗജന്യ ഭക്ഷണ പദ്ധതി മാത്രമേ പച്ചപിടിച്ചുള്ളൂ. പക്ഷെ, പിന്നീടൊരിക്കല്‍ ഇരവിപേരൂരില്‍വച്ച് കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു – ഇവിടെ സ്വര്‍ഗ്ഗരാജ്യം വന്നു തുടങ്ങിയിട്ടുണ്ട്. സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കുള്ള വഴി അത്ര എളുപ്പമല്ലായെന്ന് തിരുമേനി തമാശയും പറഞ്ഞു. ഇങ്ങനെ എത്രയോ ഓര്‍മ്മകള്‍.
വലിയ മെത്രാപൊലിത്ത മാര്‍ക്രിസോസ്റ്റം തിരുമേനിക്ക് എന്റെ പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News