മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ  വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധനയ്ക്കുള്ള  സ്വാബ് ടെസ്റ്റ് കിറ്റുകൾ വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി. ആർ ടി പി സി ആർ ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകളാണ്    യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ സ്ത്രീകളും കുട്ടികളും പായ്ക്ക് ചെയ്തിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ  സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് സ്ഥലത്തെത്തി നടപടിയെടുത്തു

മഹാരാഷ്ട്രയിൽ ഉല്ലാസ നഗറിലാണ്  യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും  പാലിക്കാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ  സ്വാബ് ടെസ്റ്റ് കിറ്റുകൾ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തിയത്.

മഹാരാഷ്ട്ര  സർക്കാർ കർശനമായ ലോക്ക് ഡൌൺ  ഏർപ്പെടുത്തുകയും പ്രോട്ടോക്കോളുകൾ ലംഘിക്കുന്ന വരെ ശിക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഉല്ലാസ നഗറിലെ  ചേരിയിൽ നിന്നുള്ള കാഴ്ചകൾ ആശങ്ക ഇരട്ടിപ്പിക്കുന്നത്.

മാസ്ക്കും കയ്യുറയും ധരിക്കാതെ  സാനിറ്റൈസർ പോലും ഉപയോഗിക്കാതെ  പത്തിലധികം ചാലുകളിലാണ് കരാറുകാരുടെ നിർദ്ദേശ പ്രകാരം പായ്ക്കിങ് നടക്കുന്നത്.  ഇതിന്റെ ദൃശ്യങ്ങൾ സമൂഹ  മാധ്യമങ്ങളിൽ പങ്കു വച്ചതോടെയാണ്  അധികൃതരുടെ കണ്ണ് തുറക്കുന്നത് .

ആംബർനാഥ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലാണ് സ്വാബ് കിറ്റുകൾ തയ്യാറാക്കുന്നത്, കരാറുകാർ വഴിയാണ്  പാക്കിംഗിനായി വീടുകളിൽ എത്തുന്നത്.  1000 സ്റ്റിക്കുകൾ പായ്ക്ക് ചെയ്യുന്നതിന്  20 രൂപയാണ്  ഇവർക്ക് കിട്ടുന്നത്.  എന്നാൽ മെഡിക്കൽ ടെസ്റ്റുകൾക്കായി ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകൾക്ക് വേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചൊന്നും ഇവർക്കറിയില്ല .

വീഡിയോ വൈറലായതോടെ  നഗരസഭ അധികൃതരും  ലോക്കൽ പൊലീസും സംഭവ സ്ഥലത്തെത്തി വസ്തുക്കൾ പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here