സില്‍വര്‍ ലൈന്‍: വിദേശവായ്പയ്ക്ക് അപേക്ഷിക്കാന്‍ അനുമതി

തിരുവനന്തപുരം നാല് മണിക്കൂറില്‍ എത്താവുന്ന അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക് (സില്‍വര്‍ ലൈന്‍) വിദേശ വായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കാന്‍ അനുമതി. കേന്ദ്ര റെയില്‍വേ മന്ത്രാലയം, നിതി ആയോഗ്, ധനമന്ത്രാലയത്തിന് കീഴിലെ ബന്ധപ്പെട്ട സമിതി എന്നിവയാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന് (കെ- റെയില്‍) അനുമതി നല്‍കിയത്.

നേരത്തെ ഇതിന് സമര്‍പ്പിച്ച രേഖകളില്‍ വിശദീകരണം ആവശ്യപ്പെട്ടത് വിവാദമാക്കി പദ്ധതി അപ്രായോഗികമാണെന്ന് നിതി ആയോഗ് വിലയിരുത്തിയതായി പ്രചരിപ്പിച്ച് വലതുമാധ്യമങ്ങളും പ്രതിപക്ഷവും വന്‍പ്രചാരണം നല്‍കിയിരുന്നു. കെ റെയിലിന്റെ വിശദീകരണം തൃപ്തികരമാണെന്നുകണ്ടാണ് നിതി ആയോഗും റെയില്‍വേ മന്ത്രാലയവും വായ്പാ നടപടികളുമായി മുന്നേറാന്‍ പച്ചക്കൊടി കാട്ടിയത്.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ ലൈന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണ്. 63,941 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് പ്രധാനമായും വിദേശ ഏജന്‍സികളില്‍നിന്നുള്ള വായ്പയെയാണ് ആശ്രയിക്കുന്നത്. വായ്പയ്ക്ക് അപേക്ഷിക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അന്തിമ അനുമതിവേണം.

വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ വായ്പയ്ക്ക് അപേക്ഷിക്കുംമുമ്പ് സ്ഥാപന പ്രതിനിധികള്‍ പദ്ധതി പ്രദേശം കണ്ട് ഡി പി ആര്‍ വിശദമായി പഠിക്കേണ്ടതുണ്ട്. അതിന് ശേഷമേ വായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയം വഴി സമീപിക്കാനാകൂ. ഈ നടപടികള്‍ പൂര്‍ത്തികാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് കെ റെയില്‍ എംഡി വി അജിത്കുമാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ അനുമതിക്കുള്ള നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാല മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലാണ് സില്‍വര്‍ ലൈന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. തിരുവനന്തപുരംമുതല്‍ തിരൂര്‍വരെ റെയില്‍പാതയില്‍നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍കോട് വരെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍.

ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍കൂടി 15 മുതല്‍ 25 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമം. തത്വത്തില്‍ അംഗീകരിച്ചതിനാല്‍ സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കാം. ഇതിന് ഹഡ്കോയില്‍നിന്ന് 3000 കോടിയുടെ വായ്പ ലഭ്യമാക്കി. ഏറ്റെടുക്കുന്ന സ്ഥലത്തിന് മികച്ച പ്രതിഫലം നല്‍കും. ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും പദ്ധതി. പരാതികള്‍ ഏറ്റെടുക്കലിന് മുമ്പുതന്നെ പരിഹരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News