കൊവിഡ് വാക്സിനുകളുടെ പേറ്റന്റ് ഒഴിവാക്കി അമേരിക്ക

കൊവിഡ് വാക്സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി അമേരിക്ക. വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. വാക്സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തീരുമാനം. ഇതോടെ വാക്സിന്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കാനും സാധിക്കും. വാക്സിന്റെ വിലയിലും കുറവ് വരുമെന്നാണ് കണക്കുകൂട്ടലുകള്‍.

വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കൊവിഡ് വാക്സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കൊവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ചില വാക്സിനുകളുടെ പേറ്റന്റ് അവകാശം അമേരിക്ക കൈവശം വെച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ കമ്പനികള്‍ക്ക് വാക്സിന്‍ നിര്‍മ്മാണം സാധ്യമായിരുന്നില്ല. ഇത് കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് വിവിധ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു.

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് ലോകവ്യാപാര സംഘനയ്ക്കുള്ളില്‍ കൂടുതല്‍ മരുന്നു കമ്പനികളെ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ഉത്പാദക കമ്പനികള്‍ ഇതിനെ എതിര്‍ത്തു.

ഫൈസര്‍, മൊഡേണ അടക്കമുള്ള കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തില്‍ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.

തീരുമാനം ലോകവ്യാപാര സംഘനയെ അറിയിക്കും. അമേരിക്കന്‍ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമെന്നും വിശേഷിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News