സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സമവായത്തിന് ശ്രമിക്കുകയാണന്നും സമവായം ഉണ്ടായില്ലെങ്കില്‍ കര്‍ശന ഉത്തരവുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പി പി ഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ആശുപത്രി ബില്ലും കോടതി വായിച്ചു. പി പി ഇ കിറ്റിന് ഒരു ആശുപത്രി രണ്ട് ദിവസം ഈടാക്കിയത് 16,000 രൂപയും ഓക്‌സിജന്‍ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ലെന്നും കോടതി പറഞ്ഞു. പി പി ഇ കിറ്റിന് പ്രത്യേക ചാര്‍ജ് ഈടാക്കരുതെന്നും ഇത് അസാധാരണ സ്ഥിതി വിശേഷമെന്നും കോടതി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കോടതി പ്രശംസിക്കുകയും ചെയ്തു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുമെന്ന് പറഞ്ഞ കോടതി സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലെയും 50 ശതമാനം ബെഡ്ഡുകള്‍ ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന സ്വകാര്യ ലാബുകളുടെ ആവശ്യം കോടതി തള്ളി.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയില്‍ നിന്നും ഒരു രൂപാ പോലും കൂടുതല്‍ ആശുപത്രികള്‍ ഈടാക്കരുത്. ആശുപത്രികളെ നിരീക്ഷിക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. ലാബ് പരിശോധനക്കും മരുന്നുകള്‍ക്കും നിരക്ക് നിശ്ചയിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണം. രോഗികള്‍ക്ക് സഹായത്തിനായി ഒറ്റ ടോള്‍ഫ്രി നമ്പര്‍ നടപ്പാക്കണം. ഓക്‌സിമീറ്റര്‍ അടക്കമുള്ളവയുടെ വില നിയന്ത്രിക്കന്ന കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പരിഗണിക്കണം. കേരളത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന ആശുപത്രികള്‍ ഉണ്ടെങ്കില്‍ ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം എന്ന നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടു വച്ചു.
അതേസമയം, സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ നിലവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കിടക്കകളില്‍ സൗജന്യചികിത്സ നല്‍കും എന്ന സര്‍ക്കാര്‍ നിലപാട് മാതൃകാപരം എന്ന് കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളുമായി നടത്തുന്ന ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ കര്‍ശന ഉത്തരവെന്ന സര്‍ക്കാര്‍ നിലപാടിനെയും കോടതി അഭിനന്ദിച്ചു.
എന്നാല്‍, ചികിത്സാ ഇനത്തില്‍ കുടിശിക ലഭിക്കാനുണ്ടെന്ന സ്വകാര്യ ആശുപത്രികളുടെ വിശദീകരണം കോടതി തള്ളി. ഇക്കാര്യം ഉന്നയിക്കേണ്ട സമയം ഇതല്ലെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ മുമ്പാകെ ഉന്നയിക്കാമെന്നും കോടതി പറഞ്ഞു. ലോക്ഡൗണ്‍ ആണെങ്കിലും തിങ്കളാഴ്ച ഉച്ചക്ക് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യേക സിറ്റിംഗ് നടത്തുമെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.