മഹാരാഷ്ട്രയിൽ കണ്ടെടുത്ത സ്വാബ് സ്റ്റിക്കുകൾ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മുംബൈ ഉപനഗരമായ ഉല്ലാസ് നഗറില്‍ നിന്ന് പിടിച്ചെടുത്ത ആര്‍ ടി പി സി ആര്‍ സ്വാബ് സ്റ്റിക്കുകളില്‍ ഉപയോഗിച്ചവയും ഉണ്ടെന്ന് കണ്ടെത്തിയതായി വിവരങ്ങള്‍ പുറത്ത് വരുന്നു. ബയോ-സ്വാബ് എന്ന പേരില്‍ പായ്ക്ക് ചെയ്യുന്ന സ്റ്റിക്കുകള്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ട് വ്യാജ ഉല്പന്നമാകുവാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. ഉല്‍പ്പന്നത്തിന്റെ കരാറുകാരനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ദിവസമാണ് ഉല്ലാസ് നഗറിലെ ചേരികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാറുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുച്ഛമായ കൂലി കൊടുത്ത് സ്വാബ് സ്റ്റിക്കുകളുടെ പായ്ക്കിങ് ജോലികള്‍ ചെയ്യിച്ചിരുന്ന വിവരം പുറംലോകം അറിയുന്നത്. ഉല്ലാസ് നഗറിലെ ഡസന്‍ കണക്കിന് ചേരികളിലാണ് കഴിഞ്ഞ ആഴ്ച മുതല്‍ ലോക്കല്‍ ഡിസ്ട്രിബൂട്ടര്‍ വഴി ആര്‍ ടി പി സി ആര്‍ സ്വാബ് ടെസ്റ്റ്കിറ്റുകളുടെ പായ്ക്കിങ് ജോലികള്‍ നടന്നിരുന്നത്. മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ ഉപനഗരം.

ബുധനാഴ്ച ലോക്കല്‍ പൊലീസും ഉല്ലാസ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് അഞ്ച് വീടുകളില്‍ നടത്തിയ പരിശോധനയിലാണ് അവശേഷിക്കുന്ന സ്വാബ് സ്റ്റിക്ക് സ്റ്റോക്കുകള്‍ പിടിച്ചെടുത്തത്. ഇന്ത്യന്‍ പീനല്‍ കോഡ്, എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 പ്രകാരം വിതരണക്കാരനെതിരെ കേസെടുത്തു.

പായ്ക്ക് ചെയ്ത കിറ്റുകളില്‍ ‘ബയോ-സ്വാബ്’ എന്നെഴുതിയിട്ടുണ്ട്. ബയോ-സ്വാബ് എന്ന പേരില്‍ ഒരു കമ്പനിയും ഫുഡ് ആന്‍ഡ് ഡ്രഗ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അത് കൊണ്ട് തന്നെ വ്യാജ ഉല്‍പ്പാദനമാണോയെന്നും സംശയിക്കുന്നു.

സ്വാബ് സ്റ്റിക്കുകളില്‍ ഭൂരിഭാഗവും ഉപയോഗിച്ചവയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ സംഭവം സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് കൊണ്ട് വന്ന സാമൂഹിക പ്രവര്‍ത്തകന്റെ വാക്കുകള്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ്. കൊവിഡിനെ അവസരമാക്കി കൊള്ള ലാഭമുണ്ടാക്കുന്ന കരാറുകാരാണ് ഉപയോഗിച്ച സ്വാബ് സ്റ്റിക്കുകള്‍ വീണ്ടും വിപണിയില്‍ ഇറക്കാന്‍ ശ്രമിച്ചതെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വിതരണക്കാരനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെമെന്നാണ് പോലീസ് കരുതുന്നത്. ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേര് കേട്ട നഗരമാണ് ഉല്ലാസ്‌നഗര്‍. ലോകത്തെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം വ്യാജ നിര്‍മ്മാണം ഒരു കാലത്ത് ഇവിടുത്തെ കുടില്‍ വ്യവസായമായിരുന്നു. വിദേശമദ്യം മുതല്‍ മരുന്നുകള്‍ വരെ വ്യാജമായി നിര്‍മ്മിക്കുകയും പലവട്ടം പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രാന്‍ഡിന്റെ സ്‌പെല്ലിങ്ങില്‍ ചെറിയ മാറ്റം വരുത്തിയാണ് ഇവര്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. പലപ്പോഴും കണ്ടാല്‍ ഒരു പോലെ തോന്നുന്ന ഉല്‍പ്പന്നത്തിന്റെ സ്‌പെല്ലിങ്ങില്‍ വരുത്തുന്ന മാറ്റം സാധാരണക്കാരായ ഉപഭോക്താക്കള്‍ ശ്രദ്ധിക്കില്ലെന്ന വിശ്വാസമായിരുന്നു ഇവരുടെയെല്ലാം ബിസിനസ് തന്ത്രം. ഇന്നും കുടില്‍ വ്യവസായങ്ങള്‍ സജീവമാണെങ്കിലും ഡ്യൂപ്ലിക്കേറ്റുകള്‍ക്ക് പുറകെ പോകാതെ സ്വന്തം ബ്രാന്‍ഡുകള്‍ വിപണിയില്‍ ഇറക്കിയാണ് ഭൂരിഭാഗം പേരും കച്ചവടം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News