രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമാണെന്ന് സുപ്രീംകോടതി; എതിര്‍ത്ത് ദില്ലി സര്‍ക്കാര്‍

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമാണെന്ന് സുപ്രീംകോടതി. രാജ്യം രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ്. രാജ്യത്ത് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഓക്‌സിജന്‍ സ്റ്റോക്ക് ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രത്തിന്റെ പദ്ധതിയെന്തെന്നും ചോദിച്ചു.

കുട്ടികളെയും മഹാമാരി ബാധിച്ചേക്കും. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ആശുപത്രിയിലേക്ക് പോകേണ്ടി വരും. അതിനാല്‍ തന്നെ വാക്‌സിനേഷന്‍ നല്‍കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കൊവിഡ് പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് ഇന്‍സെന്റീവായി നീറ്റ് പി.ജി പരീക്ഷയ്ക്ക് അധിക മാര്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

നിര്‍ദേശം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം വയ്ക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

അതേസമയം ഓക്‌സിജന്‍ ഓഡിറ്റിനെ എതിര്‍ത്ത് ദില്ലി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറി പോകാന്‍ സാധ്യതയുണ്ടെന്നും ദില്ലി സര്‍ക്കാരിന്റെ കൈകള്‍ ശക്തമാക്കുക മാത്രമാണ് ലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ ഏര്‍പ്പാടാക്കിയെന്ന് ദില്ലി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മെയ് പത്തോടെ പ്രതിദിനം 876 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്നും ദില്ലി സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here