സി ഐ ടി യു വിനെതിരെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം : ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി

ഒരു ദേശീയ മാധ്യമത്തിൽ തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ ക്യാരിയർ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാർത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. തിരുവനന്തപുരം ടി ബി സെന്ററിൽ വന്ന വാക്സിൻ ക്യാരിയർ ബോക്സ് ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാൽ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ യാതൊരുവിധ കൂലിത്തർക്കവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. കൊവിഡ് വാക്സിനേഷൻ ആരംഭിച്ച ശേഷം വന്ന വാക്സിൻ ലോഡുകൾ പൂർണ്ണമായും സൗജന്യമായാണ് തൊഴിലാളികൾ ഇറക്കുന്നത്.

ഇപ്പോൾ വന്നത് സംസ്ഥാന സർക്കാർ വില നൽകി വാങ്ങുന്ന വാക്സിൻ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതിനുള്ള ക്യാരിയർ ബോക്സ് മാത്രമാണ്. തൊഴിലാളികൾ ഇറക്ക് കൂലിയുടെ കാര്യത്തിൽ യാതൊരു തർക്കത്തിനും മുതിർന്നിരുന്നില്ല.

ഇറക്ക് കൂലി നിശ്ചയിക്കാൻ ഉദ്യോഗസ്ഥർ എടുത്ത സമയത്തിന്റെ ഇടവേളയിൽ ആണ് പ്രസ്തുത മാധ്യമത്തിന്റെ റിപ്പോർട്ടർ എത്തി ഇത്തരത്തിൽ വസ്തുതകളെ വളച്ചൊടിച്ച് വാർത്ത ചമച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്തൂലമായ സംഭാവനകൾ നൽകുന്ന തൊഴിലാളികളെ അവഹേളിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഈ മാധ്യമം നടത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാപകൽ ഇടപെടുന്നവരാണ് തൊഴിലാളികൾ.

ഒരിടത്തും കൂലിയുടെ പേരിൽ യാതൊരു തർക്കത്തിനും ഇടനൽകിയിട്ടില്ല. കൊവിഡിന്റെ ഒന്നാം വ്യാപന സമയത്ത് 5 കോടി രൂപയാണ് തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

തങ്ങളുടെ അദ്ധ്വാനവും കൂലിയുടെ വിഹിതവും നാടിനായി നൽകിയ തൊഴിലാളികളെ കുറിച്ച് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ വാർത്ത ചമച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇത്തരം ഹീനമായ മാധ്യമ പ്രവർത്തന ശൈലിയിൽ നിന്നും പിന്മാറാൻ ഇക്കൂട്ടർ തയ്യാറാകണം. ഈ വാർത്ത തെറ്റിദ്ധാരണാജനകമാം വിധം ഉത്തരേന്ത്യയിൽ ഉൾപ്പെടെ വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ പ്രചരിപ്പിക്കുന്ന വിവരം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടന്ന കാര്യങ്ങൾ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ ( സിഐടിയു ) ജില്ലാ കമ്മിറ്റി വിശദീകരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ വാർത്ത തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here