ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലിരുത്താന്‍ തീരുമാനിച്ച ജനവിധി കേരളത്തിന്‍റെ രാഷ്ട്രീയഘടനയില്‍ മാറ്റത്തിന് വ‍ഴിവയ്ക്കും: എ വിജയരാഘവന്‍

കേരളത്തില്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലിരുത്താന്‍ തീരുമാനിച്ച ജനവിധി കേരളത്തിന്‍റെ രാഷ്ട്രീയഘടനയില്‍ മാറ്റത്തിന് വ‍ഴിവയ്ക്കുന്നുവെന്ന് എ വിജയരാഘവന്‍. കിട്ടാവുന്ന ആയുധങ്ങളൊക്കെ ഉപയോഗപ്പെടുത്തി ഇടതുപക്ഷത്തെ താ‍ഴെയിറക്കാന്‍ ശ്രമിച്ച കോലീബി സഖ്യത്തിന്‍റെ സൂത്രവിദ്യകള്‍ക്ക് ജനം തന്നെ തിരിച്ചടി നല്‍കി.

എല്‍ഡിഎഫ് ജയം സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായി വികസിക്കാന്‍ കേരളത്തിന് കരുത്ത് പകരുമെന്നും ദേശാഭിമാനി നിലപാട് പംക്തിയില്‍ ഉള്‍ച്ചേര്‍ക്കുന്ന എ വിജയരാഘവന്‍റെ ലേഖനം പറയുന്നു.

കേരള ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ സർക്കാർ തുടർച്ചയായി രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കേരളത്തിലെ രാഷ്‌ട്രീയ ഘടനയിൽ സുപ്രധാനമായ മാറ്റത്തിന് വഴിതുറന്നിരിക്കുകയാണ്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമുന്നേറ്റം നടത്താൻ കേരളത്തിനെ സഹായിക്കുന്നതാണ് അത് എന്നതാണ് പ്രധാനം.

ഒപ്പം തന്നെ ഹിന്ദുത്വവർഗീയ ശക്തികൾക്ക് എതിരായി രാജ്യത്ത് രൂപംകൊള്ളുന്ന മതനിരപേക്ഷ ചേരിക്ക് കരുത്തുപകരും.  ഇന്ന് എ വിജയരാഘവന്‍ ദേശാഭിമാനി നിലപാട് പംക്തിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ലേഖനം പ്രസക്തമാകുന്നത് അതിന്‍റെ കൃത്യമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയവിശകലനത്തിലൂടെയാണ്.

സാമൂഹ്യപരിഷ്കരണവും പുരോഗമന സാമ്പത്തിക നടപടികളും തങ്ങളുടെ വർഗതാൽപ്പര്യങ്ങൾക്ക്‌ എതിരാകുമെന്ന ഭയമാണ്‌ ഇ.എംഎസ്സിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമോചന സമരത്തിലൂടെ അട്ടിമറിക്കുന്നതിലേക്ക്‌ നയിച്ചത്‌. ഈ മുന്നണിയെ വിവിധ രൂപങ്ങളിൽ നിലനിർത്താനാണ് കമ്യൂണിസ്റ്റുവിരുദ്ധർ ഇപ്പോ‍ഴും കേരളത്തിൽ ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ സൂചിപ്പിക്കുന്നു.

കിട്ടാവുന്ന ആയുധങ്ങളൊക്കെ വലതുപക്ഷം ഉപയോഗിച്ചു. കാലക്രമത്തിൽ പലതരം രൂപമാറ്റങ്ങൾ വലതുപക്ഷ ചേരിക്ക്‌ വന്നതായി കാണാമെന്നും കോലീബി സഖ്യത്തിന്‍റെ വിവിധ രൂപഭാവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വിലയിരുത്തുന്നു.

കേന്ദ്രം തുടരുന്ന ജനവിരുദ്ധ, വര്‍ഗീയ നയങ്ങൾക്കെതിരായി കേരളം സ്വീകരിച്ച കരുത്തുറ്റ നിലപാട് പ്രതിലോമ ചേരിയുടെ കടുത്ത വിരോധത്തിനിടയാക്കി. പിണറായി വിജയൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കേരളത്തിലെ യുഡിഎഫും ബിജെപിയും കൈകോർത്തുപിടിച്ചു.

ഒട്ടേറെ സമരാഭാസങ്ങൾക്ക് ഇവർ നേതൃത്വം നൽകി. സമരങ്ങള്‍ക്ക് സാമുദായികചേരുവ നല്‍കി. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ രാഷ്ട്രീയവിഷയമാക്കി. കേന്ദ്ര ഏജന്‍സികളെയും വലതുപക്ഷ മാധ്യമങ്ങളെയും ഉപയോഗിച്ച് നടത്തിയ കൊണ്ടുപിടിച്ച വ്യാജപ്രചാരണങ്ങളില്‍ ഇത്തവണ കേരളം വീണില്ലെന്നതും വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷം ജയിക്കണമെന്ന ജനങ്ങളുടെ ശാഠ്യം ജനവിധിയുടെ ശതമാനക്കണക്കിലും തെളിഞ്ഞുകാണുന്നുണ്ടെന്നും വിജയരാഘവന്‍ ഓര്‍മിപ്പിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം ആറ് ശതമാനമാണ്. ദേശീയതലത്തില്‍ ബിജെപിയുടെ സ്വാധീനം വിപുലീകരിക്കപ്പെടുന്നില്ല എന്നതും ജനങ്ങള്‍ക്ക് ആശ്വാസകരമായി വിലയിരുത്തുന്നു എ വിജയരാഘവന്‍.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് സംഘടനാപരമായ പിന്തുണ നല്‍കുക എന്നതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ മുഖ്യചുമതലയെന്നും ഓര്‍മപ്പെടുത്തിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ തന്‍റെ ലേഖനം ഉപസംഹരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News