വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്, ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം ; മുഖ്യമന്ത്രി

വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണെന്നും ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണമെന്നമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണസംഖ്യയും കൂടും. അത് ഒഴിവാക്കണം. ജീവനും ജീവന ഉപാധികളും സംരക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി 25,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജനങ്ങള്‍ സഹകരിക്കണം. അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കണം. തീരെ ഒഴിവാക്കാന്‍ പറ്റാത്തവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. ജില്ല വിട്ടുള്ള യാത്രകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പാസ് മതിയെന്ന് പറയുന്നത് ശരിയല്ല.

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകാണ്. നാളെ മുതല്‍ അടച്ചിടല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തട്ടുകടകള്‍ തുറക്കരുത്.

വര്‍ക് ഷോപ്പുകള്‍ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. പള്‍സി ഓക്‌സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുത്. അതിനാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. കൊവിഡ് ബാധിതര്‍ അല്ലെന്ന് ഉറപ്പാക്കി നിര്‍മ്മാണ സ്ഥലത്ത് തന്നെ താമസിപ്പിച്ച് ഭക്ഷണം അടക്കമുള്ള സൗകര്യം നല്‍കണം. ചിട്ടി തവണ പിരിക്കാന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നവര്‍ ലോക് ഡൗണ തീരും വരെ ഒഴിവാക്കണം .

24 മണിക്കൂറിനകം 22325 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഒരുക്കും. വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ മുതല്‍ ട്രാന്‍സ്‌ജെന്ററുകള്‍ വരെ ഉള്ളവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സുരക്ഷ ഒരുക്കണം.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകള്‍ കൊവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നു. മരുന്നുകള്‍ വീടുകളില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കും. ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ ഇ ഹെല്‍ത്ത് സംവിധാനം വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഡാറ്റേ ബേസ് ഉണ്ടാക്കും.

കൊവിഡ് സാഹചര്യം ഭാവിയില്‍ ആവര്‍ത്തിച്ചാലും ഡാറ്റാ ബേസ് ഗുണം ചെയ്യും. ഐസിയു, വെന്റിലേറ്റര്‍ ബെഡുകളുടെ എണ്ണം കൂട്ടാന്‍ കഴിഞ്ഞു. ഐസിയു ബെഡുകള്‍ 1200 ല്‍ നിന്ന് 2887 ആയി കൂടി. ഓക്‌സിജന്‍ ലഭ്യമാക്കാനും ശക്തമായ നടപടികള്‍ ആരംഭിച്ചു. എന്തൊക്കെ ചെയ്താലും രോഗവ്യാപനം അനിയന്ത്രിതമായാല്‍ നിസ്സഹായരാകും എന്നതിന് വികസിത രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണം ആണ്.

രോഗികളില്‍ ഭൂരിഭാഗം വീടുകളില്‍ കഴിയുകയാണ്. സൗകര്യം ഇല്ലാത്തവര്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ കഴിയുന്നു. ഇതിന്റെ എല്ലാം എണ്ണം കൂട്ടുകയാണ്. കൊവിഡ് ചികിത്സക്ക് സൗകര്യം കൂട്ടും. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. കാരുണ്യ പദ്ധതിയില്‍ എമ്പനല്‍ ചെയ്യാന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് മികച്ച പ്രതികരണം ആണുണ്ടായത്. 106ല്‍ നിന്ന് 165 ആയി ഉയര്‍ന്നു. സ്വകാര്യ ആശുപത്രികളിലെ രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. 88 കോടി ഈയിനത്തില്‍ സര്‍ക്കാര്‍ ചെലവാക്കി. ഇനിയും സ്വകാര്യ ആശുപത്രികള്‍ സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വരണം.

അതാതിടത്തെ ബെഡുകളുടെ സ്റ്റാറ്റസ് സ്വകാര്യ ആശുപത്രികള്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഓരോ നാല് മണിക്കൂറിലും അപ്‌ഡേറ്റ് ചെയ്യണം. അനാവശ്യ ഉപയോഗം തടയാന്‍ ഇത് ആവശ്യമാണ്. സംസ്ഥാനത്ത് 6008 ബള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുണ്ട്. 220.09 മെട്രിക് ടണ്‍ ഓക്‌സിജന്‍ നിലവിലുണ്ട്. തിരുവനന്തപുരതത്തെ പുതിയ പ്ലാന്റ് നാളെ കമ്മീഷന്‍ ചെയ്യും. 9 യൂണിറ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത് .

തെറ്റായ സന്ദേശം പ്രചരിപിച്ചാല്‍ നടപടി എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇവ തുടരുന്നു. ഇങ്ങനെ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡൊമിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here