ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് , ജീവനുകള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനം ; മുഖ്യമന്ത്രി

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതെന്നും ഇവ രണ്ടും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ജീവനുകള്‍ സംരക്ഷിക്കുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് പ്രാഥമികമായ ഉത്തരവാദിത്വം. രോഗം കൂടുതലായി വ്യാപിക്കുമ്പോള്‍ മരണ സംഖ്യയും അതിനു ആനുപാതികമായി ഉയരും.

രോഗികളുടെ എണ്ണം നമ്മുടെ നാട്ടിലെ ആരോഗ്യ സവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലുമധികം ആയാല്‍ വലിയ വിപത്താകും സംഭവിക്കുക. അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാന്‍ ആണ് ലോക്ഡൗണിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. വയോജനങ്ങളുടേയും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടേയും ജനസംഖ്യാപരമായ ഉയര്‍ന്ന അനുപാതവും കേരളത്തില്‍ വളരെ കൂടുതലാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം വിതയ്ക്കാനും സാധ്യത കേരളത്തിലുണ്ട്.

മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളതിനാല്‍ മറ്റു പലയിടത്തേക്കാള്‍ കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിര്‍ത്താന്‍ സാധിച്ചേക്കാം. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണ സംഖ്യയും ഉയരും. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാകൂ.

ഇന്നലെ ഉണ്ടായത് 42000-ത്തില്‍ അധികം കേസുകളാണ്. ആ കേസുകള്‍ക്ക് കാരണമായ സമ്പര്‍ക്കം 7 മുതല്‍ 10 ദിവസം മുന്‍പ് വരെ സംഭവിച്ചതായിരിക്കും. പുതുതായി രോഗികളാകുന്നവര്‍ക്ക് ഓക്‌സിജന്‍, ഐസിയു പോലുള്ള കാര്യങ്ങള്‍ ആവശ്യമായി വരിക മിക്കവാറും ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും. അതുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെതന്നെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ഒരാഴ്ചയില്‍ കൂടുതല്‍ സമയം ലോക്ഡൗണിന്റെ ഗുണഫലം കാണുന്നതിനായി എടുക്കും.ലോക്ഡൗണിനപ്പുറമുള്ള നിയന്ത്രണമാണ് ഓരോരുത്തരും പാലിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News