ഗോവയില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗോവ. മെയ് 9 മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ 1 മണിവരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഹോം ഡെലിവറി സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി 7 മണി വരെ മാത്രമെ ഹോം ഡെലിവറി സര്‍വ്വീസുകള്‍ അനുവദിക്കുകയുള്ളൂ. ഗോവയില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

അതേസമയം ലോക്ഡൗണ്‍ നിര്‍ദ്ദേശം തള്ളിയിട്ടില്ലെന്നും ആ വിഷയത്തില്‍ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമെടുക്കുമെന്നും സാവന്ത് അറിയിച്ചു. ഗോവയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 3869 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,08,267 ആയി ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. നിലവില്‍ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നത്. 117 പേരാണ് പശ്ചിമബംഗാളില്‍ മാത്രം മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News