ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല ; മുഖ്യമന്ത്രി

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കും. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. ലോക്ഡൗണ്‍ വേളയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പൊലീസില്‍ നിന്ന് പാസ് വാങ്ങി പുറത്തിറങ്ങാം. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്വയം സാക്ഷ്യപത്രത്തോടെ യാത്ര ചെയ്യാം. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ലോക് ഡൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കും. ഇതിനായി 25000 പൊലീസുകാരയാണ് നിയോഗിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുള്ള കരുതലും സര്‍ക്കാര്‍ കുറയ്ക്കുന്നില്ല. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. അതിഥി തൊഴിലാളികള്‍ക്ക് കിറ്റ് ലഭിക്കും. ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊലീസ് പാസ് നല്‍കും. മറ്റ് സംസ്ഥാന യാത്ര ചെയ്തു വരുന്നവര്‍ കോവിസ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയണം.
തട്ടുകടകള്‍ ലോക്ക് ഡൌണ്‍ കാലത്ത് തുറക്കരുത്. വാഹന റിപ്പയര്‍ വര്‍ക്ക്‌ഷോപ്പ് ആഴ്ച്ചയുടെ അവസാന 2 ദിവസം തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. തിങ്കള്‍ ബുധന്‍ വെള്ളി.

കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. രോഗം ഉള്ളവരുടെയും ക്വറന്റൈന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ്തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും.

ചരക്ക് ഗതാഗതത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല. എന്നാല്‍ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞതവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം.

ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ്സ് വാങ്ങേണ്ടതില്ല. അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാന്‍ മുതലായ തികച്ചും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ.

ചിട്ടിത്തവണ പിരിക്കാനും കടം നല്‍കിയ പണത്തിന്റെ മാസത്തവണവാങ്ങാനുമായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതും ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഒഴിവാക്കേണ്ടതാണ്.

രോഗം കൂടുതലായി വ്യാപിക്കുമ്പോള്‍ മരണ സംഖ്യയും അതിനു ആനുപാതികമായി ഉയരും. രോഗികളുടെ എണ്ണം നമ്മുടെ നാട്ടിലെ ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലുമധികം ആയാല്‍ വലിയ വിപത്താകും സംഭവിക്കുക. അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാനാണ് ലോക്ഡൗണിലൂടെ ശ്രമിക്കുന്നതും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ഡൗണ്‍ കാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പോലീസിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും. എന്നാല്‍ കൊവിഡും ലോക്ഡൗണുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News