ദില്ലി ഓക്സിജൻ ക്ഷാമം: കടുത്ത നടപടി എടുപ്പിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി

ദില്ലി സംസ്ഥാനത്തിന് എല്ലാ ദിവസവും 700 ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇതു തുടരണമെന്നും കടുത്ത നടപടികളിലേക്കു കടക്കാ‍ൻ കോടതിയെ നിർബന്ധിക്കരുതെന്നും കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

ദില്ലിയ്ക്ക് 700 ടൺ ഓക്സിജൻ നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ ജയിലിൽ ഇടുന്നതുകൊണ്ട് പ്രശ്ന പരിഹാരമാകില്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. അതേസമയം, 700 ടൺ ഓക്സിജൻ തലസ്ഥാനത്തിന് ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് എം.ആർ.ഷായും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

ദില്ലി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനായ രാഹുൽ മെഹ്റ, ഇന്നലെ 86 ടൺ ഓക്സിജൻ കിട്ടിയെന്നും16 ടൺ കൊണ്ടുവരുന്നതായും അറിയിച്ചു. അപ്പോഴാണ് 700 ടൺ ദിവസവും ഉറപ്പാക്കണമെന്നും അസൗകര്യങ്ങൾ പറഞ്ഞ് ഒഴിവാകരുതെന്നും കോടതി കർശന നിർദേശം നൽകിയത്.

അതേസമയം, സംസ്ഥാനത്തിന് നൽകുന്ന ഓക്സിജൻ വിഹിതം 965 ടണ്ണിൽ നിന്ന് 1200 ടൺ ആക്കി വർധിപ്പിക്കണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here