ഇടുക്കിയിൽ വൻ മലയിടിച്ചിൽ: നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി നശിച്ചു

ഇടുക്കി ചെമ്മണ്ണാറിൽ വൻ മലയിടിച്ചിൽ. പ്രതാപമേട് മലയുടെ 500 അടി ഉയരത്തിൽ നിന്നുമാണ് കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് പതിച്ചത്. നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി നശിച്ചു. രണ്ടു വർഷം മുമ്പും സമാനമായ രീതിയിൽ മലമുകളിൽ നിന്നും പാറ അടർന്നുവീണ് കുടിവെള്ള പദ്ധതി തകർന്നിരുന്നു. ഇനിയും പാറകൾ അടർന്നു വീഴാൻ സാധ്യതയുള്ളതിനാൽ വലിയ ഭീതിയോടെയാണ് മലയടിവാരത്തുള്ള നിരവധി കുടുംബങ്ങൾ കഴിഞ്ഞു കൂടുന്നത്.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് സേനാപതി പഞ്ചായത്തിലെ പ്രതാപമേട്‌ മലമുകളിൽ നിന്നും കൂറ്റൻ പാറക്കല്ലുകളും മണ്ണുമടക്കം താഴേക്ക് പതിച്ചത്. 500 അടിയോളം താഴേക്ക് ഉരുണ്ട് എത്തിയ പാറക്കല്ലുകൾ താഴ്ഭാഗത്തുള്ള വീടുകളുടെ സമീപം വരെയെത്തി. മരങ്ങളിലും മറ്റും തട്ടി പാറക്കല്ലുകൾ നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

പാറക്കല്ലുകൾ പതിച്ച് ജലസേചനത്തിനായി നിർമ്മിച്ചിരുന്ന വലിയ പടുതാകുളങ്ങൾ തകർന്ന് വെള്ളവും താഴോട്ട് ഒഴുകി ഉരുൾപ്പൊട്ടലിനു സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. മലമുകളിലെ പാറ അടുക്കുകളിൽ നിരവധിയിടങ്ങളിൽ വിള്ളൽ ഉണ്ടെന്നാണ് വിവരം.വിഷയം പ്രദേശവാസികൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here