പ്രഖ്യാപനത്തിന് പിന്നാലെ നിര്‍മാണം തുടങ്ങി; ഒരു മാസത്തിനകം മലപ്പുറത്തെ പ്ലാന്റില്‍നിന്ന് ഓക്‌സിജന്‍

അതിശയിപ്പിക്കുന്ന വേഗത്തിലാണ് മലപ്പുറം മഞ്ചേരിയില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് നിര്‍മാണം. പ്രഖ്യാപനം വന്നതിനുപിന്നാലെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ഒരു മാസത്തിനകം മഞ്ചേരിയിലെ പ്ലാന്റില്‍നിന്ന് ഓക്‌സിജന്‍ വിതരണം തുടങ്ങാനാവും. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയോട് ചേര്‍ന്നുള്ള മെന്‍സ് ഹോസ്റ്റല്‍ വളപ്പിലാണ് പ്ലാന്റ് നിര്‍മിയ്ക്കുന്നത്.

കെട്ടിടം ഒരുക്കുന്നതിനും ഇലക്ട്രിക്കല്‍ സംവിധാനം സജ്ജമാക്കുന്നതിനും മാത്രമായി ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. 12 തൂണുകളിലായി 1500 ചതുരശ്ര അടിയില്‍ അഞ്ചുമീറ്റര്‍ ഉയരത്തിലാണ് കെട്ടിടം പണിയുന്നത്. മുഴുവന്‍ സമയ ശീതീകരണ സംവിധാനത്തോടെ നിര്‍മിയ്ക്കുന്ന കെട്ടിടത്തില്‍ യന്ത്ര സാമഗ്രികള്‍ സ്ഥാപിയ്ക്കുന്നതിനും ഓക്‌സിജന്‍ ശേഖരിയ്ക്കുന്നതിനും പ്രത്യേക മുറികളുണ്ടാവും.

കണ്‍ട്രോള്‍ യൂണിറ്റ് സൗകര്യങ്ങളും ഇതേ കെട്ടിടത്തോട് ചേര്‍ന്നുതന്നെ പ്രവര്‍ത്തിയ്ക്കും. നിര്‍മിതി കേന്ദ്രം മലപ്പുറം യൂണിറ്റിനാണ് കെട്ടിട നിര്‍മാണ ചുമതല. സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്ലാന്റിന്റെ നിര്‍മാണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും. ഒറ്റ നില കെട്ടിടത്തിനായി സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റി നിലമൊരുക്കല്‍ പൂര്‍ത്തിയായി.

മുഴുവന്‍ സമയ വൈദ്യുതി ഉറപ്പാക്കുന്നതിനായി പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിയ്ക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബിയും ആരംഭിച്ചു. മറ്റു ജോലികള്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ)യുടെ സാങ്കേതിക സഹായത്തോടെ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഒരുക്കുന്നത്.

മലപ്പുറം ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് പ്ലാന്റ് സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത്. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിയ്ക്കാന്‍ ശേഷിയുള്ള ജനറേറ്റര്‍ പ്ലാന്റിന് യന്ത്ര സാമഗ്രികള്‍ക്കായി രണ്ടുകോടി രൂപ ചെലവു വരും. ഒരു ദിവസം രണ്ടര ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാനാവും. വിദേശ നിര്‍മിത യന്ത്രങ്ങള്‍ ഒരാഴ്ചയ്ക്കകം ഹൈദരാബാദില്‍നിന്ന് മഞ്ചേരിയിലെത്തും.

ഒരു മാസത്തിനകം യന്ത്രം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. ഇതോടെ ആശുപത്രിയിലേക്ക് പുറത്തുനിന്ന് ഓക്‌സിജന്‍ വാങ്ങുന്നത് ഒഴിവാക്കാനാവും. അധികം വരുന്ന ഓക്‌സിജന്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലേക്ക് നല്‍കാനുമാവും.
അന്തരീക്ഷ വായുവില്‍നിന്ന് ഫില്‍റ്റര്‍ ചെയ്ത് ഓക്‌സിജന്‍ വേര്‍ത്തിരിച്ചെടുക്കുന്നതാണ് പദ്ധതി.

ഇത്തരത്തില്‍ ശേഖരിച്ച ഓക്‌സിജന്‍ ശുദ്ധീകരിച്ച് പൈപ്പുകള്‍ വഴി രോഗികളുടെ കിടക്കകള്‍ക്കരികിലും പ്രത്യേകം സ്ഥാപിച്ച വാല്‍വ് വഴി ബള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളിലും നിറക്കും. ബള്‍ക്ക് സിലിണ്ടറുകളാണ് മറ്റ് ആശുപത്രികളില്‍ ഉപയോഗിക്കുന്നതിനായി വിതരണം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News