ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്നതിലൂടെ കേന്ദ്രം നടത്തുന്നത്‌ തീവെട്ടികൊള്ള: എ വിജയരാഘവന്‍

കൊവിഡ്‌ അതിവ്യാപനത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്‌ തീവെട്ടികൊള്ളയാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്‌ഡൗണിലേക്ക്‌ പോകുകയാണ്‌. പലര്‍ക്കും തൊഴില്‍പോലുമില്ല, ജനങ്ങള്‍ ഇത്രയേറെ ദുരിതമനുഭവിക്കുമ്പോള്‍ യാതൊരു ദയയുമില്ലാതെ ഇന്ധന വില വര്‍ധിപ്പിക്കാന്‍ നരേന്ദ്ര മോദിക്കല്ലാതെ മറ്റാര്‍ക്കുമാകില്ല.

ഇത്തരം ഭരണാധികാരികളോട്‌ ജനം കണക്ക്‌ പറയുന്ന കാലം അതി വിദൂരമല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. തുടര്‍ച്ചയായി നാല്‌ തവണ പെട്രോളിന്‌ 97 പൈസയും ഡീസലിന്‌ 1. 15 രൂപയുമാണ്‌ വില കൂട്ടിയത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ കേന്ദ്രം തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു.

വില വര്‍ധനവിന്റെ ഉത്തരവാദിത്തം എണ്ണകമ്പനികളുടെ തലയിലിട്ട്‌ രക്ഷപ്പെടാന്‍ കേന്ദ്ര സര്‍ക്കാരിനാകില്ല. പ്രധാനമന്ത്രിയുടെകൂടി നിര്‍ദേശ പ്രകാരമാണ്‌ വിലകൂട്ടുന്നത്‌. അതിനാലാണ്‌ ഈ മഹാമാരി കാലത്തെ കൊള്ളക്കെതിരെ മോദിയോ മറ്റ്‌ മന്ത്രിമാരോ ബിജെപിയോ ഒരക്ഷരം ഉരിയാടാത്തത്‌.

രാജ്യം കൊവിഡ്‌ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്‌. രാജ്യതലസ്ഥാനം ശ്‌മശാന മൂകമാണ്‌. ഈ സമയത്ത്‌ കേന്ദ്ര സര്‍ക്കാരിന്റെ താങ്ങാണ്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും ആവശ്യം.

എന്നാല്‍ അതൊന്നും ചെയ്യുന്നില്ലെന്നത്‌ പോകട്ടെ, കൂടുതല്‍ ഭാരം ജനങ്ങളില്‍ അടിച്ചേല്‍പിച്ച്‌ ക്രൂരമായി വേട്ടയാടുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിജയരഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here