വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാവും ; മുഖ്യമന്ത്രി

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുന്‍കരുതലിനെ കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്തം വാര്‍ഡ് തല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനത്തിന്റെ പട്ടിക വേണം. ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കണം. ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് കരുതണം.

കിട്ടാത്തവ എത്തിക്കണം, മെഡിക്കല്‍ ഉപകരണം ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പാക്കണം. ഉപകരണങ്ങള്‍ക്ക് അമിത വില ഈടാക്കുന്നെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ അത്തരം കാര്യങ്ങള്‍ കൊണ്ട് വരണം.

രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വെല്ലുവിളി നേരിടുന്നുവെന്നും തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ണായക പങ്ക് വഹിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തി. ജനത്തെ അണിനിരത്തി സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രതിരോധം തീര്‍ക്കാന്‍ എല്ലാ കഴിവും ഉപയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ പ്രതിരോധത്തിന് സഹായകരമായി ചില ഘടകങ്ങളുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സീന്‍ നല്‍കാനായത് അനുകൂല സാഹചര്യമാണ്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനും ആരംഭിച്ചു. വാക്‌സീന്‍ എടുത്തത് കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല. തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയവും അടിയന്തിര കടമയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ തോതില്‍ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളും ഉണ്ട്. ചില തദ്ദേശ സ്ഥാപന പരിധിയില്‍ ടിപിആര്‍ വളരെ കൂടുതലാണ്. ഒരു ഘട്ടത്തില്‍ ടിപിആര്‍ 28 ശതമാനം വരെ ഉയര്‍ന്നിരുന്നു. അതില്‍ കുറവുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ല. ചില തദ്ദേശ സ്ഥാപന പരിധിയില്‍ ചികിത്സാ സൗകര്യങ്ങളുടെ കുറവ് കാണുന്നുണ്ട്. സിഎഫ്എല്‍ടിസികളോ, സിഎല്‍ടിസികളോ, ഡിസിസികളോ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇത്തരം കുറവ് അടിയന്തിരമായി പരിഹരിക്കണം.

കൊവിഡ് ചികിത്സാ കേന്ദ്രം തുറക്കാന്‍ അനുയോജ്യമായ സ്ഥലം മുന്നേ കണ്ടെത്തി ഒരുക്കം തുടങ്ങണം. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രം തുറക്കാനാവണം. ആവശ്യത്തിന് ആരോഗ്യ-സന്നദ്ധ-ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം. ആദ്യ ഘട്ടത്തില്‍ വാര്‍ഡ് തല സമിതി നന്നായി പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ പലയിടത്തും വാര്‍ഡ് തല സമിതി സജീവമല്ല. ഇതിപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡിലും സമിതികള്‍ രൂപീകരിക്കണം. ഈ സമിതി അംഗങ്ങള്‍ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കില്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News