യാചകര്‍ക്ക് ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം ഉറപ്പാക്കണം, സമൂഹ അടുക്കള തുറക്കണം ; മുഖ്യമന്ത്രി

യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരക്കാര്‍ക്ക് ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കണം. ജനകീയ ഹോട്ടലുകളില്‍ അതുവഴി ഭക്ഷണം നല്‍കാനാവും. ഇല്ലാത്തിടത്ത് സമൂഹ അടുക്കള തുറക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുത്. പോസിറ്റീവായവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റിപ്പാര്‍പ്പിക്കണം. നിര്‍മ്മാണ തൊഴിലാളികള്‍ സൈറ്റില്‍ തന്നെ താമസിക്കണം. അല്ലെങ്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കും. ഭക്ഷണ പ്രശ്‌നം തദ്ദേശ സമിതികള്‍ ശ്രദ്ധിക്കണം.

അടിയന്തിര ഘട്ടങ്ങളിലെ യാത്രക്ക് ഉള്ള പോലീസ് പാസിന് ഇപ്പോള്‍ മുതല്‍ ഓണ്‍ ലൈനില്‍ അപേക്ഷിക്കാം. അടിയന്തിര ഘട്ടത്തില്‍ യാത്ര ചെയ്യാന്‍ വളരെ അത്യാവശ്യക്കാര്‍ മാത്രമേ പാസിന് അപേക്ഷിക്കാവൂ. അവശ്യ സര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.ഇവര്‍ക്ക് വേണ്ടി തൊഴില്‍ ദായകര്‍ക്കും അപേക്ഷിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യാത്രാനുമതി കിട്ടിയാല്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. ജില്ല വിട്ടുള്ള യാത്ര പൊതുവെ നിരുത്സാഹപ്പെടുത്തും. മരണം, രോഗിയെ കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. സത്യവാങ്മൂലത്തിന്റെ മാതൃക വെബ്‌സൈറ്റില്‍ കിട്ടും. വെള്ളപേപ്പറില്‍ സത്യവാങ്മൂലം എഴുതിയാല്‍ മതി. വാക്‌സീന്‍ കേന്ദ്രത്തില്‍ ജനം കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വാക്‌സിനും മരുന്നും വിദേശത്ത് നിന്ന് ശേഖരിക്കാന്‍ നോര്‍ക്കാ റൂട്ട്‌സ് ശ്രമം തുടങ്ങി. ഈ ഉദ്യമത്തില്‍ പ്രവാസികള്‍ പങ്കാളികളാവണം. പല പ്രദേശത്ത് നിന്നും സഹായം വരുന്നുണ്ട്. വിദേശത്തുനിന്നുള്ള സഹായത്തിന്റെ ഏകോപന ആവശ്യത്തിന് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കും.

പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കല്‍, പാരാമെഡിക്കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കണം. വയോജനം കേരളത്തില്‍ കൂടുതലാണ്. പലരും മറ്റ് രോഗങ്ങള്‍ ഉള്ളവരാണ് അശരണരും കിടപ്പ് രോഗികളുമുണ്ട്. ഇവരുടെ പട്ടിക വാര്‍ഡ് തല സമിതി നോക്കണം.

പ്രാദേശിക തലത്തില്‍ കണ്‍ട്രോള്‍ റൂമും മെഡിക്കല്‍ ടീമും രൂപീകരിക്കണം. സ്വകാര്യ-സര്‍ക്കാര്‍ ഡോക്ടര്‍മാരെ അതത് തദ്ദേശ സ്ഥാപന പരിധിയിലെ മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്താം. എല്ലാം വേഗത്തിലാക്കാനായാല്‍ ഒരുപാടുപേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനാവും. ആര്‍ക്കും സംസ്ഥാനത്ത് ഭക്ഷണവും ചികിത്സയും കിട്ടാതാവരുത്. മരുന്നും അവശ്യ വസ്തുക്കളും വേണ്ടവര്‍ ഒട്ടേറെയുണ്ട്. അവര്‍ക്ക് അത് എത്തിച്ച് കൊടുക്കണം. പട്ടിണി കിടക്കാന്‍ വരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം.

ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലന്‍സിന് പുറമെ മറ്റ് വാഹനങ്ങളും ഉണ്ടാകണം. പഞ്ചായത്തില്‍ അഞ്ചും നഗരസഭയില്‍ പത്തും വാഹനം ഈ രീതിയില്‍ ഉണ്ടാകണം. ഓക്‌സിജന്‍ അളവ് നോക്കല്‍ പ്രധാനമാണ്. വാര്‍ഡ് തല സമിതിയുടെ പക്കല്‍ പള്‍സ് ഓക്‌സി മീറ്റര്‍ കരുതണം.

ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടാകണം. പഞ്ചായത്ത് നഗരസഭ തലത്തില്‍ ഒരു കോര്‍ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നേതൃത്വം. സെക്രട്ടറി, എസ്എച്ച്ഒ, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്താം.

മഴക്കാല പൂര്‍വ ശുചീകരണത്തിലും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മാര്‍ക്കറ്റുകള്‍ ശുചിയാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. സര്‍ക്കാര്‍ നിര്‍ദ്ദേശം അടിയന്തിരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താല്‍ എല്ലാം ഭംഗിയാകും. വ്യക്തിക്ക് കൊവിഡ് ബാധിച്ചാല്‍ ഏത് രീതിയിലാണ് രോഗിയും ആരോഗ്യ സംവിധാനവും പ്രവര്‍ത്തിക്കേണ്ടത് എന്നതിന് കൃത്യമായ രീതി രൂപപ്പെടുത്തി. വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ വാര്‍ഡ് തല സമിതിയെ ബന്ധപ്പെടണം. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍ സെന്റര്‍ അവര്‍ക്ക് വേണ്ടി ലഭ്യമാക്കും.

രോഗബാധിതരാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും സാധാരണ ഗതിയില്‍ പ്രൈമറി കോണ്ടാക്ടായിരിക്കും. അവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന് ഉറപ്പുവരുത്തേണ്ടത് വാര്‍ഡ് തല സമിതിയുടെ ഉത്തരവാദിത്തമാണ്. രോഗികളാകുന്നവര്‍ അവരുടെ വാര്‍ഡ് മെമ്പറുടെ നമ്പര്‍ കൈയ്യില്‍ കരുതണം. വീടുകളില്‍ കഴിയുന്നവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടാല്‍ അവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണം. അത്തരം ഘട്ടത്തില്‍ ഉടനെ ചെയ്യേണ്ടത് റാപിഡ് റെസ്‌പോണ്‍സ് ടീമിനെ വിവരം അറിയിക്കണം.

ആര്‍ആര്‍ടി വിവരം ജില്ലാ കണ്‍ട്രോള്‍ യൂണിറ്റ് ഷിഫ്റ്റിങ് ടീമിനെ അറിയിക്കും. രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ച് ഷിഫ്റ്റിങ് ടീം രോഗിയെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കും, മാറ്റും. ഇതിനായി ആംബുലന്‍സുകള്‍ എല്ലായിടത്തും വിന്യസിച്ചു. പഞ്ചായത്തുകളുടെ കീഴിലെ ആംബുലന്‍സുകള്‍ മറ്റ് വാഹനങ്ങള്‍ എന്നിവ കേന്ദ്രീകൃത പൂളില്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ശക്തമാക്കി.

ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഷിഫ്റ്റിങ് നോഡല്‍ ഓഫീസറെ നിയമിച്ചു. ഓരോ വാര്‍ഡ് സമിതിയും കഴിയുമെങ്കില്‍ ആരോഗ്യ സന്നദ്ധ സേന രൂപീകരിക്കണം. വയോമിത്രം യൂണിറ്റുകളുടെ സേവനം ഉപയോഗിക്കാം. നിലവില്‍ 106 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്. രോഗികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ജില്ലാ കണ്‍ട്രോള്‍ സെന്ററാണ് നല്‍കുക.

എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെയും ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ഇത്തരം കാര്യങ്ങളെല്ലാം ജില്ലാ കണ്‍ട്രോള്‍ സെന്ററില്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യണം. ഇത് പരിഗണിച്ചാവും രോഗിയെ മാറ്റുന്നത്. ഓരോ പഞ്ചായത്തിലും കൊവിഡ് കോള്‍ സെന്റര്‍ ഉടനടി പ്രവര്‍ത്തനം തുടങ്ങും. ഇവ അതത് ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുമായി പ്രവര്‍ത്തിക്കും. ആ ഏകോപനം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കും.

സ്വകാര്യ ക്ലിനിക്കില്‍ ചിലതെല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് ടെസ്റ്റിന് ആവശ്യമായ സ്വാബുകള്‍ ശേഖരിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലുമൊന്നും വീഴ്ചയുണ്ടാകരുത്. അത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കര്‍ശനമായ നിയമ നടപടികള്‍ ഇത്തരം സ്ഥാപനങ്ങള്‍ നേരിടേണ്ടി വരും.ഡോക്ടര്‍മാരുടെ എണ്ണം അടിയന്തിരമായി വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി നോണ്‍ അക്കാദമിക് കേഡറായി ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചവര്‍ ഉടന്‍ ചുമതലയേല്‍ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News