ഓരോ പഞ്ചായത്തിലും കൊവിഡ് കോള്‍ സെന്റര്‍ ഉടനടി പ്രവര്‍ത്തനം തുടങ്ങും: മുഖ്യമന്ത്രി

എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെയും ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ഇത്തരം കാര്യങ്ങളെല്ലാം ജില്ലാ കണ്‍ട്രോള്‍ സെന്ററില്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് പരിഗണിച്ചാവും രോഗിയെ മാറ്റുന്നത്. ഓരോ പഞ്ചായത്തിലും കൊവിഡ് കോള്‍ സെന്റര്‍ ഉടനടി പ്രവര്‍ത്തനം തുടങ്ങും. ഇവ അതത് ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുമായി പ്രവര്‍ത്തിക്കും. ആ ഏകോപനം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കും.

സ്വകാര്യ ക്ലിനിക്കില്‍ ചിലതെല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് ടെസ്റ്റിന് ആവശ്യമായ സ്വാബുകള്‍ ശേഖരിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലുമൊന്നും വീഴ്ചയുണ്ടാകരുത്. അത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കര്‍ശനമായ നിയമ നടപടികള്‍ ഇത്തരം സ്ഥാപനങ്ങള്‍ നേരിടേണ്ടി വരും.

ഡോക്ടര്‍മാരുടെ എണ്ണം അടിയന്തിരമായി വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി നോണ്‍ അക്കാദമിക് കേഡറായി ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചവര്‍ ഉടന്‍ ചുമതലയേല്‍ക്കണം.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ വാര്‍ഡ് തല സമിതിയെ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍ സെന്റര്‍ അവര്‍ക്ക് വേണ്ടി ലഭ്യമാക്കും. രോഗബാധിതരാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും സാധാരണ ഗതിയില്‍ പ്രൈമറി കോണ്ടാക്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here