എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണമെന്നും അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കിട്ടാത്ത മരുന്നുകള്‍ മറ്റിടങ്ങളില്‍ നിന്ന് എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. പള്‍സ് ഓക്‌സിമീറ്റര്‍ ,മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തല സമിതികള്‍ക്ക് ആവശ്യമായ സഹായം അപ്പപ്പോള്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പട്ടിണി വരാവുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം. യാചകരും തെരുവുകളില്‍ കഴിയുന്ന വരുമുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടല്‍ ഉള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കും. ഇല്ലാത്ത സ്ഥലങ്ങളില്‍ സമൂഹ അടുക്കള ആരംഭിക്കണം. ആദിവാസി മേഖലയില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍…….

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയും. ശവശരീരം മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറവ് ചെയ്യാനോ സംസ്‌കരിക്കാനോ ഉള്ള സഹായവും വാര്‍ഡ് തല സമിതികള്‍ നല്‍കണം. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്‌സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണം.

ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാകുന്നുണ്ട്. ജനങ്ങള്‍ പൊതുവെ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ട്.
കൊവിഡ് ആദ്യ തരംഗം ഉണ്ടായപ്പോള്‍ നിയന്ത്രിക്കാനും പ്രതിരോധിക്കാനും നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ആ ഇടപെടല്‍ ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ചു. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളും അതിനെ പ്രശംസിച്ചു.

രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആദ്യഘട്ടത്തില്‍ എന്നപോലെ നിര്‍ണായകമായ പങ്കുവഹിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. സംസ്ഥാനത്തെ തദ്ദേശസ്ഥാപന പ്രതിനിധികളുമായി ഇന്ന് ആശയവിനിമയം നടത്തി.

ജനങ്ങളെ അണിനിരത്തിയും സര്‍ക്കാരുമായി കൈകോര്‍ത്തും ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന് എല്ലാ കഴിവും ഉപയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിക്കുകയുണ്ടായി. ഒന്നാംഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരും അതിന് നേതൃത്വം നല്‍കിയവരുമായ കുറച്ചുപേര്‍ ഈ ഘട്ടത്തിലും പ്രാദേശിക സ്ഥാപനങ്ങളുടെ പ്രതിനിധികളായി തുടരുന്നുണ്ട്. അവരുടെ അനുഭവ പരിജ്ഞാനം കൂടി ഉപയോഗപ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങണം എന്നാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

രണ്ടാം ഘട്ടത്തില്‍ പ്രതിരോധത്തിന് സഹായകമായി ചില ഘടകങ്ങളുണ്ട് എന്നത് ആശ്വാസകരമാണ്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഈ അനുകൂല സാഹചര്യം. 45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷനും ആരംഭിച്ചിരിക്കുകയാണ്. വാക്‌സിന്‍ എടുത്തു എന്നതുകൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല.
കോവിഡിന്റെ തീവ്ര വ്യാപനം തടയുക, രോഗബാധിതര്‍ക്ക് നല്ല ചികിത്സാസൗകര്യം ഉറപ്പാക്കുക, അതോടൊപ്പം എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക – ഇതാണ് സര്‍ക്കാരിന്റെ നയവും അടിയന്തര കടമയും.

വലിയതോതില്‍ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളുമുണ്ട്. ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വളരെ കൂടുതലാണ്. ഒരു ഘട്ടത്തില്‍ ടി.പിആര്‍ 28 ശതമാനം വരെ എത്തിയിരുന്നു. അതില്‍ അല്പം കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന നിലയിലേക്ക് നാം എത്തിയിട്ടില്ല. ടി.പി. ആര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകണം.

ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ചികിത്സാ സൗകര്യങ്ങളുടെ കുറവ് കാണുന്നുണ്ട്. വേണ്ടത്ര സി എഫ് എല്‍ ടി സികളോ സി എല്‍ ടി സി കളോ വീടുകളില്‍ ചികിത്സിക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്കുള്ള കേന്ദ്രങ്ങളോ ഇല്ല. ഇത്തരം കുറവുകള്‍ അടിയന്തരമായി പരിഹരിക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ഉടനെ കണ്ടെത്തി മുന്നൊരുക്കങ്ങള്‍ നടത്തണം. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിയണം. ഇതിന്റെ ഭാഗമായി ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം.

ആദ്യഘട്ടത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ചത് വാര്‍ഡ്തല സമിതികളായിരുന്നു. ഈ ഘട്ടത്തില്‍ പലയിടത്തും വാര്‍ഡ്തല സമിതികള്‍ സജീവമല്ല. വാര്‍ഡ്തല സമിതികള്‍ ഇപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡുകളിലും സമിതികള്‍ രൂപീകരിക്കണം.

വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ അവരുടെ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തേണ്ടത് അനിവാര്യമാണ്. വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി പഞ്ചായത്ത് തലത്തിലോ മുനിസിപ്പാലിറ്റി – കോര്‍പ്പറേഷന്‍ തലത്തിലോ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് റിപ്പോര്‍ട്ട് ചെയ്യണം. ചില കാര്യങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണസംവിധാനത്തിന്റെയോ ഇടപെടലോ സഹായമോ ആവശ്യമായിരിക്കും. അത്തരം കാര്യങ്ങള്‍ അവരെ അറിയിക്കണം.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുക യാണെങ്കില്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. ബോധവല്‍ക്കരണവും പ്രധാനമാണ്. ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമുണ്ട്. ഇതിന്റെ ഉത്തരവാദിത്വവും വാര്‍ഡ് തല സമിതികള്‍ ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് വളരെ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയും.

രോഗം ബാധിച്ചവര്‍ക്ക് വൈദ്യസഹായം എപ്പോള്‍ വേണം, ആശുപത്രി സേവനം എപ്പോള്‍ വേണം എന്നീ കാര്യങ്ങളില്‍ വാര്‍ഡ് തല സമിതികള്‍ക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയുന്നില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ലിസ്റ്റും കരുതി വെക്കണം.

അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ ജില്ലാ ഭരണസംവിധാനത്തെയോ അറിയിക്കണം. വാര്‍ഡ് തല സമിതി അംഗങ്ങളെ കോവിഡ് പ്രതിരോധത്തിന്റെ മുന്‍ നിര പ്രവര്‍ത്തകരായാണ് കാണുന്നത്. 18 – 45 പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ഇവര്‍ക്ക് മുന്‍ഗണന ഉണ്ടാവും. കാരണം രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് വാര്‍ഡ് സമിതി അംഗങ്ങള്‍. അവര്‍ സ്വയം മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം.

പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധസേന രൂപീകരിക്കണം. സന്നദ്ധപ്രവര്‍ത്തകര്‍, മെഡിക്കല്‍ രംഗത്തുള്ളവര്‍, പാരാമെഡിക്കല്‍ രംഗത്തുള്ളവര്‍ എന്നിവരുടെ പട്ടിക ആദ്യമേ തയ്യാറാക്കണം.

വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ താരതമ്യേന കൂടുതലാണ്. പലരും മറ്റു വിവിധ രോഗങ്ങള്‍ ഉള്ളവരുമാണ്. അതുപോലെ അശരണരും കിടപ്പുരോഗികളും ഉണ്ട്. ഇവരുടെ പട്ടിക വാര്‍ഡ് തലസമിതികള്‍ തയ്യാറാക്കണം. ഇവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ ഉണ്ടാകണം.

പ്രാദേശിക സ്ഥാപനതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും ഇന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കണ്‍ട്രോള്‍റൂമില്‍ ഉണ്ടാകണം. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ടീമിനെ സജ്ജമാക്കണം. സാധിക്കുമെങ്കില്‍ ഒന്നിലധികം മെഡിക്കല്‍ ടീം രൂപീകരിക്കണം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരെ അതത് പ്രദേശത്തെ മെഡിക്കല്‍ ടീമില്‍ പെടുത്താവുന്നതാണ്.

കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യുക എന്നതാണ് പ്രധാനം. എങ്കില്‍ ഒരുപാട് പേരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്. ലോക് ഡൗണ്‍ ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഉണ്ട്. അവര്‍ക്ക് അത് എത്തിച്ചു കൊടുക്കണം.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുത്. പോസിറ്റീവ് അയവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റി പാര്‍പ്പിക്കണം. നിര്‍മ്മാണപ്രവര്‍ത്തനം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളെ സൈറ്റില്‍ തന്നെ താമസിപ്പിക്കണം. അല്ലെങ്കില്‍ വാഹനത്തില്‍ താമസ സ്ഥലത്തെത്തിക്കണം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചെത്തിക്കണം. ഇവരെ തൊഴിലിനു ഉപയോഗിക്കുന്നവരാണ് ഇത് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കും. ഭക്ഷണകാര്യം തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഒരു ഗതാഗത പ്ലാന്‍ ഉണ്ടാവണം. ആംബുലന്‍സ് കൂടാതെ മറ്റു വാഹനങ്ങളെയും ഉപയോഗിക്കാന്‍ കഴിയണം. ഒരു പഞ്ചായത്തില്‍ അഞ്ച് വാഹനവും ഒരു നഗരസഭയില്‍ പത്ത് വാഹനവും ഉണ്ടാകണം. വാര്‍ഡ് തല സമിതികളുടെ വശം പള്‍സ് ഓക്‌സിമീറ്റര്‍ കരുതണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു വാര്‍ഡ്തല സമിതിയുടെ കയ്യില്‍ അഞ്ച് ഓക്‌സിമീറ്റര്‍ എങ്കിലും കരുതുന്നത് നല്ലതാണ്.

പഞ്ചായത്ത് – നഗരസഭാ തലത്തില്‍ ഒരു കോര്‍ ടീം വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് – നഗരസഭ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഉള്ള ടീമില്‍ സെക്രട്ടറി, ആരോഗ്യ സമിതി ചെയര്‍മാന്‍, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, സെക്ടറല്‍ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഉണ്ടാകണം. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്തുകയും ചെയ്യാം.

കോവിഡ് പ്രതിരോധത്തോടൊപ്പം മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാര്‍ക്കറ്റുകള്‍ ശുചിയാക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ അടിയന്തരമായി എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈ എടുത്താല്‍ എല്ലാം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും. അതിനുള്ള ശക്തി അവര്‍ക്കുണ്ട്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിക്കും.

ഒരു വ്യക്തിയ്ക്ക് കോവിഡ് രോഗബാധയുണ്ടാവുമ്പോള്‍ ഏതു രീതിയില്‍ ആണ് രോഗിയും ആരോഗ്യസംവിധാനങ്ങളും പ്രവര്‍ത്തിക്കേണ്ടത് എന്നുള്ളതിന് കൃത്യമായ രീതി രൂപപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ചെയ്യുന്നത് സ്വകാര്യ ലാബിലായാലും സര്‍ക്കാര്‍ ലാബിലായാലും ടെസ്റ്റ് റിസള്‍ട്ടുകള്‍ അതാത് ജില്ലകളിലെ ഡി.പി.എം.എസ്.യുകളിലേയ്ക്ക് അയക്കും. അവിടെ റിസള്‍ട്ടുകള്‍ എത്തിയാല്‍ ഉടനെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനു (ആര്‍.ആര്‍.ടി) കൈമാറും. അതിനിടയില്‍ എസ്.എം.എസ് ആയിട്ട് റിസള്‍ട്ട് ടെസ്റ്റ് ചെയ്ത വ്യക്തിയ്ക്ക് അയക്കും. അത് റിസള്‍ട്ട് അറിയാനുള്ള മൊബൈല്‍ ആപ്പില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

രോഗം പോസിറ്റീവ് ആയ വ്യക്തിയെ ആര്‍.ആര്‍.ടി നേരിട്ട് ബന്ധപ്പെടും. വിവരം രോഗബാധിതനെ അറിയിക്കുന്ന ആളായിരിക്കും ആരോഗ്യസംവിധാനവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കോണ്ടാക്റ്റ് പോയിന്റ്. ഈ ഉദ്യോഗസ്ഥന്‍ രോഗിയുടെ മറ്റു രോഗാവസ്ഥകളെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷിക്കും. രോഗലക്ഷണങ്ങള്‍ തീരെയില്ലാത്തവരേയും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളവരേയും വീടുകളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.
വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ പ്രയാസമുള്ളവര്‍ അവരുടെ പ്രദേശത്തെ വാര്‍ഡ് തല സമിതിയുമായി ബന്ധപ്പെടണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ അവര്‍ക്കു വേണ്ടി ലഭ്യമാക്കും.

രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റംഗങ്ങളും സാധാരണ ഗതിയില്‍ പ്രൈമറി കോണ്ടാക്റ്റില്‍ വരുന്നവര്‍ ആയിരിക്കും. ഈ ഘട്ടത്തില്‍ അവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടത് വാര്‍ഡ് ഹെല്‍ത്ത് സമിതികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് രോഗികളാകുന്ന എല്ലാവരും തന്നെ അവരുടെ വാര്‍ഡ് ഹെല്‍ത്ത് സമിതികളുടെ ചെയര്‍പേഴ്‌സണ്‍ ആയ വാര്‍ഡ് മെമ്പറുടെ നമ്പര്‍ കയ്യില്‍ കരുതണം. ഇത് വളരെ പ്രധാനമാണ്.

വീടുകളില്‍ കഴിയുന്നവര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിലോ, പള്‍സ് ഓക്‌സി മീറ്ററില്‍ ഓക്‌സിജന്‍ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടതാണ്. അത്തരമൊരു ഘട്ടത്തില്‍ ഉടനടി ചെയ്യേണ്ടത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ കോണ്ടാക്റ്റ് പേര്‍സണെ ആ വിവരം അറിയിക്കുക എന്നതാണ്. ആര്‍.ആര്‍.ടി ആ വിവരം ജില്ലാ കണ്ട്രോള്‍ യൂണിറ്റിലേയ്ക്ക് കൈമാറുകയും ജില്ലാ കണ്ട്രോള്‍ യൂണിറ്റ് ഷിഫ്റ്റിംഗ് ടീമിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. രോഗാവസ്ഥയുടെ സ്വഭാവമനുസരിച്ച് ഈ ഷിഫ്റ്റിംഗ് ടീം രോഗിയെ സി.എഫ്.എല്‍.ടി.സിയിലേയ്‌ക്കോ, സി.എസ്.എല്‍.ടിസിയിലേയ്‌ക്കോ, കോവിഡ് കെയര്‍ ഹോസ്പിറ്റലുകളിലേയ്‌ക്കോ, ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്കോ മാറ്റുന്നതായിരിക്കും.

ഇതിനായി ആംബുലന്‍സുകള്‍ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തുകളുടെ കീഴിലുള്ള ആംബുലന്‍സുകളും മറ്റു വാഹനങ്ങളും ഈ കേന്ദ്രീകൃത പൂളില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഷിഫ്റ്റിംഗ് സംവിധാനത്തെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഷിഫ്റ്റിംഗ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.

ഓരോ വാര്‍ഡ് സമിതിയും സാധ്യമെങ്കില്‍ ആരോഗ്യ സന്നദ്ധ സേനയ്ക്ക് രൂപം നല്‍കണം. കോര്‍പ്പറേഷന്‍-മുനിസിപ്പല്‍ മേഖലകളില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന വയോമിത്രം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റുകളുടെ സേവനവും ഈ ഘട്ടത്തില്‍ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ 106 മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

രോഗികളെ ആശുപത്രികളിലേയ്ക്ക് മാറ്റുമ്പോള്‍, ഏതു ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ജില്ലാ കണ്ട്രോള്‍ സെന്ററുകള്‍ നല്‍കും. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേയും ഐസിയു, വെന്റിലേറ്റര്‍, ബെഡുകള്‍, ഓക്‌സിജന്‍ തുടങ്ങിയവയുടെ ലഭ്യത, രോഗികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളെല്ലാം നിര്‍ബന്ധമായും ജില്ലാ കണ്ട്രോള്‍ സെന്ററുകളില്‍ നിരന്തരമായി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഈ കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടായിരിക്കും രോഗിയെ ഏതു ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത്.

ഓരോ പഞ്ചായത്തിലും കോവിഡ് കോള്‍ സെന്ററുകള്‍ രൂപീകരിച്ച് ഉടനടി പ്രവര്‍ത്തനം ആരംഭിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കോള്‍ സെന്ററുകള്‍ അതാതു ജില്ലകളിലെ കണ്ട്രോള്‍ സെന്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. ആ ഏകോപനം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ കലക്ടര്‍മാര്‍ക്കാണ്.

വീടുകളില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ഉള്‍പ്പെടെയുള്ള ഏതു രോഗബാധയാണെങ്കിലും ഇ-സഞ്ജീവനി വഴി ടെലിമെഡിസിന്‍ സേവനം നേടാവുന്നതാണ്. ആശുപത്രികളിലേയ്ക്ക് പോകുന്നതിനു പകരം കഴിയാവുന്നത്ര ഈ സേവനം ഉപയോഗിക്കാന്‍ എല്ലാവരും ശ്രമിക്കണം
ബെഡുകള്‍, ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ ബെഡുകള്‍ തുടങ്ങിയവ കോവിഡ് രോഗികളുടേയും കോവിഡേതര രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങള്‍ എല്ലാ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളും ഓരോ നാലു മണിക്കൂര്‍ കൂടുന്തോറും നിര്‍ബന്ധമായും ജില്ലാ കണ്ട്രോള്‍ സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതില്‍ വീഴ്ച വരുത്തുന്നത് സര്‍ക്കാര്‍ ഓഡിറ്റിംഗിന്റെ ഭാഗമായി കണ്ടെത്തിയാല്‍ കേരള എപിഡമിക് ഡിസീസസ് ആക്റ്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ് എന്നിവ അനുസരിച്ച് കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

സ്വകാര്യ ക്‌ളിനിക്കുകളില്‍ ചിലതെല്ലാം കോവിഡ് പ്രോട്ടോക്കോളുകള്‍ ശരിയായ രീതിയില്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്. കോവിഡ് ടെസ്റ്റിനാവശ്യമായ സ്വാബുകള്‍ ശേഖരിക്കുന്ന കാര്യത്തിലും, തിരക്കുകള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടാകരുത്. അത്തരത്തിലുള്ള പ്രവണതകളെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ശനമായ നിയമനടപടികള്‍ അത്തരം സ്ഥാപനങ്ങള്‍ നേരിടേണ്ടി വരും.

അവശ്യമായ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകേണ്ടത് അടിയന്തരമായതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് ഇറങ്ങിയവരില്‍ നോണ്‍ അക്കാഡമിക് ജെ.ആര്‍ ആയി ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചവര്‍ എത്രയും പെട്ടെന്ന് അത് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം, സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവരെ നിയമിച്ചുകൊണ്ട് മെഡിക്കല്‍ കോളേജുകള്‍ ആ ഒഴിവുകള്‍ നികത്തണം.

ഉപയോഗിച്ച മാസ്‌കുകള്‍ വലിച്ചെറിയുന്നത് വ്യാപകമാണ്. ഇത് രോഗപ്പകര്‍ച്ചയ്ക്കു പുറമെ മാലിന്യ പ്രശ്‌നവും ഉണ്ടാക്കും. മാസ്‌കുകള്‍ ഉപയോഗത്തിന് ശേഷം നശിപ്പിക്കാന്‍ ശ്രദ്ധിക്കണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിഷും ചേര്‍ന്ന് ശ്രവണ പരിമിതിയുള്ളവര്‍ക്കായി ഹെല്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ കോള്‍ വഴിയാണ് ഈ ഹെല്പ് ലൈന്‍. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള സഹായവും ഈ ഹെല്പ് ലൈനില്‍ ലഭ്യമാണ്. ഹെല്പ് ലൈന്‍ നമ്പറുകള്‍ ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ നടപ്പാക്കാന്‍ പോലീസ് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് തുടരും.
അടിയന്തിരഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. വളരെ അത്യാവശ്യമുളളവര്‍ മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നുതന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാം.

ജില്ലവിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. പോലീസ് പാസിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതേണ്ടതാണ്. വാക്‌സിനേഷന് പോകുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റില്‍ ലഭിക്കും. ഈ മാതൃകയില്‍ വെളളപേപ്പറില്‍ സത്യവാങ്മൂലം തയ്യാറാക്കിയാലും മതിയാകും.

ആവര്‍ത്തിച്ച് പറയാനുള്ള കാര്യം വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ജനം കൂട്ടം കൂടാന്‍ പാടില്ല എന്നതാണ്. നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടപടി എടുക്കുന്നതാണ്. മരുന്നുകടകള്‍, പലവ്യഞ്ജന കടകള്‍ എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും നടപടി സ്വീകരിക്കണം. ഹോം ഡെലിവറി ശക്തിപ്പെടുത്തണം. വളരെ അത്യാവശ്യമായ ഘട്ടങ്ങളില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ ഏവരും അനുസരിക്കേണ്ടതാണ്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 21,534 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 76,18,100 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മരുന്നും മറ്റ് അവശ്യ ഉപകരണങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലെത്തുന്ന വസ്തുകള്‍ക്ക് ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കും. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിക്കുവാനുള്ള ശ്രമം നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ചിരിക്കുകയാണ്. ഈ ഉദ്യമത്തില്‍ പങ്കു ചേരണമെന്ന് എല്ലാ പ്രവാസി സഹോദരങ്ങളോടും സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു.

പല പ്രദേശങ്ങളില്‍ നിന്നും നമ്മെ സഹായിക്കാന്‍ നിരവധി പേര്‍ വരുന്നുണ്ട്. വിദേശത്ത് നിന്നുള്ള കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങളുടെ ഏകോപനത്തിന് 3 ഐ. എ എസ് ഉദ്യേഗസ്ഥര്‍ അടങ്ങിയ സ്പെഷ്യല്‍ സെല്‍ പ്രവര്‍ത്തിക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനായിരിക്കും ചുമതല. എസ്സ്. കാര്‍ത്തികേയന്‍ 9447711921
കൃഷ്ണ തേജ – 940098611 എന്നിവരാണ് മറ്റുള്ളവര്‍.

ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സര്‍ക്കാര്‍ 15 ദിവസം പരോള്‍ അനുവദിച്ചതിനാല്‍ 600-ഓളം തടവുകാര്‍ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്.കോവിഡ് -ന്റ ഒന്നാം വ്യാപന ഘട്ടത്തില്‍ ബഹു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബഹുഹൈക്കോടതി ശിക്ഷ തടവുകാര്‍ക്ക് പരോള്‍, വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങള്‍ക്ക് ഉത്തരവ് നല്‍കുകയും 1800-ഓളം തടവുകാര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ന് സമാനമായ സുപ്രീം കോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജ് ഉള്‍പ്പെടുന്ന സമിതി ഇക്കാര്യത്തില്‍ പരിശോധന നടത്തി വരുന്നതായി അറിവുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600-ലധികം വിചാരണ റിമാന്റ്തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കാം. ജയിലുകളില്‍ രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News