ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍

അര്‍ദ്ധരാത്രിയിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍. ആലുവയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന് കയറ്റിറക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ചുമതലയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ ആലുവ അസിസ്റ്റന്റ് ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.

ലേബര്‍ ഓഫീസര്‍ രാഖി. ഇ. ജി ഉടന്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെടുകയും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ആലുവയിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുടെ സഹായത്തോടെ തൊഴിലാളികളുടെ സേവനം ഉറപ്പു വരുത്തി കയറ്റിറക്ക് സുഗമമാക്കുകയും ചെയ്തു.
കൊവിഡ് വ്യാപനത്തില്‍ അത്യാവശ്യസമയത്ത് സേവനം ഉറ്പപാക്കിയ ചുമട്ടുതൊഴിലാളികളെ ജില്ലാഭരണകൂടം അഭിനന്ദിക്കുകയും ചെയ്തു.

പൂര്‍ണ്ണമായും സൗജന്യമായാണ് തൊഴിലാളികള്‍ ഈ ജോലി പൂര്‍ത്തീകരിച്ചത്. എറണാകുളം ജില്ലയുടെ മറ്റ് കേന്ദ്രങ്ങളിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കുന്നതിന് 24 മണിക്കൂറും തൊഴിലാളികള്‍ ആത്മാര്‍ത്ഥമായ സഹകരണമാണ് നല്‍കുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here