തലസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും പ്രത്യേക പരിശോധന നടത്തും ; കളക്ടര്‍

അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും കര്‍ശന കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കാന്‍ ലോക്ക് ഡൗണ്‍ കാലത്തു ലേബര്‍ ക്യാംപുകളില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ഇതിന്റെ ഭാഗമായി ലുലു മാള്‍ നിര്‍മാണ മേഖലയിലും ലേബര്‍ ക്യാംപിലും നേരിട്ട് പരിശോധന നടത്തിയെന്നും കളക്ടര്‍ അറിയിച്ചു.

260 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 160 പേര്‍ ലേബര്‍ ക്യാംപിലുണ്ട്. തൊഴിലാളികളുമായി ആശയവിനിമയം നടത്തി, ലോക്ക് ഡൗണിലും നിര്‍മാണ ജോലികള്‍ തുടരാമെന്നും നാട്ടിലേക്കു മടങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്നും അവരെ ബോധ്യപ്പെടുത്തി.

തൊഴിലാളികള്‍ക്കിടയില്‍ തുടര്‍ച്ചയായ കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിടുണ്ട്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതു തടയാന്‍ ഇതിലൂടെ കഴിയും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയോ രോഗം സ്ഥിരീകരിക്കുകയോ ചെയ്താല്‍ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യങ്ങളും പരിശോധിച്ചതായും കളക്ടര്‍ അറിയിച്ചു.

തൊഴിലാളികളെ ഐസൊലേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മാറ്റി പാര്‍പ്പിക്കുന്നതിനായി ലേബര്‍ ക്യാംപുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ കരാറുകാര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയിലെ എട്ടു ലേബര്‍ സര്‍ക്കിളുകളിലും അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ തുറക്കും. മുന്‍ഗണനാ ക്രമത്തില്‍ ഇവര്‍ക്കു കോവിഡ് പരിശോധനയ്ക്കും വാക്സിനേഷനുമുള്ള സൗകര്യമൊരുക്കും.

ഭക്ഷണം ആവശ്യമുള്ള സ്ഥലങ്ങളില്‍ ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിക്കും. ലോക്ക് ഡൗണില്‍ അതിഥി തൊഴിലാളികള്‍ക്കു സഹായത്തിനും മറ്റു വിവരങ്ങള്‍ ലഭിക്കുന്നതിനുമായി ജില്ലാ ലേബര്‍ ഓഫിസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. അവശ്യഘട്ടം വന്നാല്‍ തൊഴിലാളികള്‍ ജില്ലാ ലേബര്‍ ഓഫിസിലെ 0471 2783944, 9447440956 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ജില്ലയിലെ എല്ലാ വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാംപുകളിലും തൊഴിലാളികള്‍ക്കു കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച ബോധവത്കരണം നല്‍കുന്നതിനു തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. വാടക കുടിശികയുടെ പേരില്‍ ജില്ലയില്‍ ഒരിടത്തും ഈ ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളെ താമസ സ്ഥലം ഒഴിയാന്‍ നിര്‍ബന്ധിക്കരുതെന്ന് കരാറുകാര്‍ക്കും നിര്‍ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here