കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് എം വി ജയരാജന്‍

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഊരുവിലക്കിന്റെ പുതിയ രൂപമെന്നോണമാണ് ഫേസ്ബുക്ക് വിലക്കെന്നും ലോകത്തെ വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ജനാധിപത്യവ്യവസ്ഥ താഴ്ന്നുപോകാന്‍ അനുവദിച്ചുകൂടാത്തതാണെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോദിക്കും അമിത് ഷായ്ക്കും എതിരായ പോസ്റ്റാണ് വിലക്കിനാധാരം എന്ന് ശ്രീ സച്ചിദാനന്ദന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആധിപത്യമല്ല, ഏകാധിപതികളുടെ ആധിപത്യമാണ് ഫലത്തില്‍ അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ജനദ്രോഹം പരമാവധിയാക്കി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് ഈ കൊവിഡ് കാലത്തും മാറ്റമില്ലാതെ തുടരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശ്ശനം സ്വാഭാവികമല്ലേ..? എന്നും അദ്ദേഹം ചോദിച്ചു.

ശരിയായ വിമര്‍ശ്ശനം ശരിയിലേക്കുള്ള ചുവടുവെയ്പ്പിന് പ്രധാനമാണെന്നെങ്കിലും ഫേസ്ബുക്ക് അധികാരികളും കേന്ദ്രസര്‍ക്കാരും തിരിച്ചറിയണം. കവി സച്ചിദാനന്ദന്റെ അഭിപ്രായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് – കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുഴുവന്‍ ജനാധിപത്യവാദികളും പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എം വി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഊരുവിലക്കുപോലെ ഫേസ്ബുക്ക് വിലക്ക് – പ്രതിഷേധാര്‍ഹം

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. ഊരുവിലക്കിന്റെ പുതിയ രൂപമെന്നോണമാണ് ഫേസ്ബുക്ക് വിലക്ക്. ഫേസ്ബുക്ക് പ്രദേശത്ത് ലൈവില്‍ 30 ദിവസം വരാന്‍ പാടില്ലെന്നുള്‍പ്പടെയാണ് വിലക്ക് മാനദണ്ഡം. മോഡിക്കും അമിത് ഷായ്ക്കും എതിരായ പോസ്റ്റാണ് വിലക്കിനാധാരം എന്ന് ശ്രീ സച്ചിദാനന്ദന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ലോകത്തെ വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ വിമര്‍ശ്ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ജനാധിപത്യവ്യവസ്ഥ താഴ്ന്നുപോകാന്‍ അനുവദിച്ചുകൂടാത്തതാണ്. ജനങ്ങളുടെ ആധിപത്യമല്ല, ഏകാധിപതികളുടെ ആധിപത്യമാണ് ഫലത്തില്‍ അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ജനദ്രോഹം പരമാവധിയാക്കി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് ഈ കോവിഡ് കാലത്തും മാറ്റമില്ലാതെ തുടരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശ്ശനം സ്വാഭാവികമല്ലേ..? ഓക്‌സിജന്‍ ലഭ്യതക്കുറവ് കാരണം ഈ കോവിഡ് കാലത്ത് ജീവനുകള്‍ പിടഞ്ഞ് തീരുമ്പോള്‍ കോടതിയുള്‍പ്പടെ മോഡിസര്‍ക്കാരിനെ വിമര്‍ശ്ശിക്കുമ്പോള്‍ നെറ്റിചുളിച്ചിട്ട് കാര്യമുണ്ടാകുമോ..? അതിനൊപ്പമാണോ ഫേസ്ബുക്ക് അധികാരികള്‍ നീങ്ങേണ്ടത്..!സാമൂഹ്യമാധ്യമത്തില്‍ സമൂഹത്തിന്റെ അഭിപ്രായം പാടില്ലെന്ന് വെയ്ക്കുമ്പോള്‍, ആ മീഡിയായുടെ നട്ടെല്ല് തന്നെയാണ് തകരുന്നത്. ശരിയായ വിമര്‍ശ്ശനം ശരിയിലേക്കുള്ള ചുവടുവെയ്പ്പിന് പ്രധാനമാണെന്നെങ്കിലും ഫേസ്ബുക്ക് അധികാരികളും കേന്ദ്രസര്‍ക്കാരും തിരിച്ചറിയണം. കവി സച്ചിദാനന്ദന്റെ അഭിപ്രായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് – കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുഴുവന്‍ ജനാധിപത്യവാദികളും പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

– എം വി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News