ലോക്ഡൗണ്‍: പൊലീസിന്റെ കര്‍ശന പരിശോധന, സഹകരിച്ച് ജനം

സമ്പൂര്‍ണ ലോക്ഡൗണിന്റെ ആദ്യദിനത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം. സംസ്ഥാനത്തെ ലോക്ഡൗണില്‍ സഹകരിച്ച് ജനം. അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല. പൊലീസ് പരിശോധന ശക്തമായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയ ചിലരെ മുന്നറിയിപ്പ് നല്‍കി പൊലീസ് മടക്കി. മേയ് 16 വരെയാണ് അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടച്ചിടല്‍ നീട്ടേണ്ടിവരും.

അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിട്ടും ലംഘിച്ച് വാഹനവുമായെത്തിയവര്‍ക്ക് പിഴയടയ്‌ക്കേണ്ടിവന്നു. പലരുടെയും വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സത്യവാങ്മൂലം പോലുമില്ലാതെ ഇറങ്ങിയവരായിരുന്നു ഇത്തരക്കാര്‍.

മാസ്‌ക് ധരിക്കാത്ത 21,534 ആളുകളുടെ പേരില്‍ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. പിഴയായി 76,18,100 രൂപ ഈടാക്കി.

പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിശ്ചലമായിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ എല്ലാം ഇന്നലെ രാത്രിയോടെ സര്‍വീസ് അവസാനിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിക്ക് എത്തുന്നതിനായുള്ള നാമമാത്രമായ സര്‍വീസുകള്‍ മാത്രമാണ് നടന്നത്. റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന ആളുകളുടെ എണ്ണവും വളരെ കുറവായിരുന്നു. അതേസമയം, വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. സമയം അനുവദിച്ചുനല്‍കിയതിനാല്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സാധിച്ചു. അതിനിടെ, നിര്‍മാണ മേഖലയ്ക്കും ഇളവുണ്ടായിരുന്നെങ്കിലും തൊഴിലാളികളെ ചിലയിടങ്ങളില്‍ പൊലീസ് തടഞ്ഞതായി പരാതി ഉയര്‍ന്നു. മിക്കയിടങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. ഇന്ന് മുതല്‍ യാത്ര ചെയ്യുന്നതിന് പൊലീസിന്റെ പാസ് നിര്‍ബന്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കും പാസ് നിര്‍ബന്ധമാണ്.

ആദ്യദിനം അവശ്യ സര്‍വീസുകളൊഴികെ ഒന്നും പ്രവര്‍ത്തിച്ചില്ല. നഗര-ഗ്രാമ മേഖലകളില്‍ പൊലീസ് പരിശോധന ശക്തമായിരുന്നു. എല്ലാ വാഹനങ്ങളും കൃത്യമായ യാത്രാരേഖകള്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. പൊലീസ് പാസ് സംവിധാനം ഇന്നലെ ഇല്ലാതിരുന്നതിനാല്‍ സത്യവാങ്മൂലം പരിശോധിച്ചാണ് അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കിയത്.

അടിയന്തരഘട്ടങ്ങളില്‍ യാത്രചെയ്യാന്‍ പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായി. ുമ.ൈയമെളല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

അവശ്യസര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം.

ജില്ലവിട്ടുള്ള യാത്ര നിരുത്സാഹപ്പെടുത്തും. അടുത്തബന്ധുവിന്റെ മരണം, വിവാഹം, അടുത്തബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനായി മറ്റൊരിടത്തേക്കു കൊണ്ടുപോകല്‍ എന്നിവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്രയനുവദിക്കൂ. പൊലീസ് പാസിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം.

വാക്‌സിനേഷനു പോകുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്തുള്ള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും വെബ്സൈറ്റില്‍ കിട്ടും. ഈ മാതൃകയില്‍ വെള്ളക്കടലാസില്‍ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News