
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരസ്യമായി ജന്മദിനാഘോഷം നടത്തിയ മുന്‍ മേയറെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദ് മുന്‍ മേയര്‍ നന്ദകുമാര്‍ ഖോഡലെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടത്. മെയ് 4നായിരുന്നു ജന്മദിനാഘോഷം.
”ജനപ്രതിനിധികള്‍ മാതൃകയായി പെരുമാറണം. മുന്നില്‍ നിന്ന് നയിക്കേണ്ടവരും മാതൃകകളായി പെരുമാറേണ്ടവരും പരസ്യമായി ആഘോഷം നടത്തി അഭിമാനിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.” കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റീസ് ആര്‍ വി ഗുഗെ, ജസ്റ്റീസ് ബി യു ദേബാദ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
നന്ദകുമാര്‍ ഖോഡലക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 30 പേര്‍ക്കുമെതിരെ ഔറംഗബാദ് പൊലീസ് കേസെടുത്തു. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പങ്കുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതില്‍ പൊതുജനങ്ങള്‍ ഭരണ സംവിധാനത്തെ കുറ്റപ്പെടുത്തുന്നതിനിടയിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. താടിക്ക് താഴെയാണ് മിക്കവരും മാസ്‌ക് ധരിക്കുന്നത്. പൗരന്‍മാരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതേ സമയം പൗരന്‍മാര്‍ തങ്ങളോടും കുടുംബാംഗങ്ങളോടും ഉത്തരവാദിത്വമില്ലെന്ന രീതിയില്‍ പെരുമാറുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here