ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ഹിമന്ത ബിശ്വ ശര്‍മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. .ഇന്ന് ഗുവഹട്ടിയില്‍ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് ശേഷമാണ്, അസമിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ബി ജെ പി നേതൃത്വത്തിന് ധാരണയിലെത്താനായത്.

ദില്ലിയില്‍ ഉന്നത നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഹിമന്ത ബിശ്വ ശര്‍മയെ മുഖ്യമന്ത്രി ആക്കാനാണ് ധാരണ ആയത്. ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ സര്‍ബാനന്ദ സോനോവാള്‍, ഹിമന്ത ബിശ്വ ശര്‍മ എന്നീ നേതാക്കളുമായി, ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ പലതവണ ചര്‍ച്ചകള്‍ നടത്തി.

തുടര്‍ഭരണം ലഭിച്ചത് സര്‍ബാനന്ദ സോനേവാളിന്റെ ഭരണനേട്ടത്തിന്റെ മികവിലാണെന്ന് ബി ജെ പി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാത്തെ ബി ജെ പിയുടെ 60 നിയുക്ത എം എല്‍ എമാരില്‍ നാല്‍പ്പതിലേറെപ്പേര്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് ആയാണ് സൂചന. ഇത് പരിഗണിച്ചാണ് കേന്ദ്രനേതൃത്വം ഹിമന്തയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ഇന്ന് നടക്കുന്ന സര്‍വകകഷി യോഗത്തില്‍ തീരുമാനം പ്രഖ്യാപിച്ചേക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും, ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങും നിരീക്ഷകരായി യോഗത്തില്‍ പങ്കെടുക്കും. അടുത്ത കേന്ദ്ര മന്തിസഭ പുനഃസംഘടനയില്‍ സര്‍ബാനന്ത സോനേവാള്‍ കേന്ദ്രമന്ത്രിയായെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here