കവി സച്ചിദാനന്ദന്റെ ഫേസ്ബുക് വിലക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

കവി സച്ചിദാനന്ദന്റെ ഫേസ്ബുക് വിലക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദനെ ഇന്നലെ ഫേസ്ബുക്ക് വിലക്കിയിരുന്നു. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍, സച്ചിദാനന്ദന്റെ ഫേസ്ബുക് കുറിപ്പ് ടൈംലൈനില്‍ പങ്കുവച്ച് നിരവധി ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

കവി സച്ചിദാന്ദന്റെ ഫേസ്ബുക് കുറിപ്പിങ്ങനെ:

‘ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി ജെ പിയുടെ പരാജയത്തെയും കറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോഡിയെക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്‌സപ്പില്‍ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്. ഏപ്രില്‍ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി restrain ചെയ്യുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു. മെയ് 7ന്റെ അറിയിപ്പില്‍ പറഞ്ഞത് ഞാന്‍ പോസ്റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ Community Standards ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

ഇങ്ങിനെ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ Lancetല്‍ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ‘You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഇപ്പോള്‍ ഫേസ് ബുക്കില്‍ നിന്നു കിട്ടി. ഇതിന്നര്‍ത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമര്‍ശകര്‍ക്കു പിറകേ ഉണ്ടെന്നാണ്.’

സമൂഹമാധ്യമങ്ങളില്‍ ഫേസ്ബുക് വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ പോസ്റ്റ് പങ്കുവച്ചുകൊണ്ടു വ്യാപക പ്രതിഷേധം കനക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News