തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ

തിരുവനന്തപുരത്ത് ജില്ലയില്‍ നൂറ് ജനകീയ ഹോട്ടല്‍ എന്ന നേട്ടവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ 2020-2021 ബജറ്റ് പ്രഖ്യാപനത്തിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ജനകീയ ഹോട്ടലുകള്‍ വന്‍ വിജയമായി മുന്നോട്ടുപോകുകയാണ്.

പൊതുജനങ്ങള്‍ക്ക് ന്യായവിലയില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, സിവില്‍ സപ്ലൈസ് എന്നിവയുടെ കൂട്ടായ്മയിലാണ് പ്രവര്‍ത്തനം.

100 ജനകീയ ഹോട്ടലാണ് തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. നൂറാമത് ഹോട്ടല്‍ തിങ്കളാഴ്ച പകല്‍ 11.30ന് മുറിഞ്ഞപാലത്ത് വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. നഗരസഭ ഡെപ്യൂട്ടി മേയര്‍ പി കെ രാജു അധ്യക്ഷനാകും.

20 രൂപയ്ക്ക് ഉച്ചഭക്ഷണം കിട്ടുന്നതും ന്യായവിലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സംരംഭമായാണ് ജനകീയ ഹോട്ടല്‍ വിഭാവനം ചെയ്തത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തിലും തലസ്ഥാനത്തെ ജനങ്ങള്‍ക്ക് ന്യായവിലയില്‍ വീടുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കാനായത് ഈ ഹോട്ടലുകളുടെ പ്രസക്തിയും സ്വീകാര്യതയും വര്‍ധിപ്പിച്ചു.

തുച്ഛവരുമാനത്തില്‍ ജീവിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണത്തിന് ആശ്രയിക്കാവുന്ന സംവിധാനമായി ജനകീയ ഹോട്ടലുകള്‍ ഇതിനകം മാറി. ജനകീയ ഹോട്ടലുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകീകൃത മെനു, യൂണിഫോം, വിദഗ്ധ പരിശീലനം എന്നിവ നടപ്പാക്കുമെന്നും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിരീക്ഷിക്കാനുമായി ജില്ലാതല മോണിറ്ററിങ് ടീം രൂപീകരിക്കുമെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ ഷൈജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News