ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ചയെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ്. കേന്ദ്ര സര്‍ക്കാരിന്റെ പകവീട്ടല്‍ രാഷ്ട്രീയത്തിന് തിരിച്ചടി നല്‍കാനായത് മാത്രമല്ല ഇടതുപക്ഷ വിജയത്തിന്റെ നേട്ടമെന്നും അഭിശപ്തമായ ഒരു രാഷ്ട്രീയ സമവാക്യത്തിന്റെ നട്ടെല്ലൊടിക്കാനും അതിനു കഴിഞ്ഞുവെന്നും എ പി അബ്ദുള്‍ വഹാബ് ഫേസ്ബുക്കില്‍ പറഞ്ഞു.
‘കോ ലീ ബി’ നികൃഷ്ടമായൊരു രാഷ്ട്രീയ അവിഹിതത്തിന്റെ വിളിപ്പേര് മാത്രമല്ല അതിലപ്പുറം അജണ്ടകള്‍ ഗര്‍ഭം കൊണ്ട ത്രൈത്വമായിരുന്നു. ജാതി മത സാമുദായിക ധൃവീകരണത്തിലൂടെ അധികാര പ്രാപ്തിയിലെത്താനുള്ള വ്യഗ്രതയുടെ അശ്ലീലത. ഇതിന്റെ മൂര്ദ്ധാവിനെയാണ് ജനാധിപത്യ കേരളം തല്ലിപ്പൊളിച്ചത്. ഈ പരിക്രിയക്ക് കേരളം കടപ്പെട്ടത് മറ്റാരേക്കാളേറെ സഖാവ് പിണറായി വിജയനോടാണ്. സമകാലീന ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി പിണറായി വിജയനോടാണ് കടപ്പെട്ടതെന്നും അബ്ദുള്‍ വഹാബ് കുറിച്ചു.
പ്രൊഫ. എ പി അബ്ദുള്‍ വഹാബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയാംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ പകവീട്ടല്‍ രാഷ്ട്രീയത്തിന് തിരിച്ചടി നല്‍കാനായത് മാത്രമല്ല ഇടതുപക്ഷ വിജയത്തിന്റെ നേട്ടം. അഭിശപ്തമായ ഒരു രാഷ്ട്രീയ സമവാക്യത്തിന്റെ നട്ടെല്ലൊടിക്കാനും അതിനു കഴിഞ്ഞു.
‘കോ ലീ ബി’ നികൃഷ്ടമായൊരു രാഷ്ട്രീയ അവിഹിതത്തിന്റെ വിളിപ്പേര് മാത്രമല്ല അതിലപ്പുറം അജണ്ടകള്‍ ഗര്‍ഭം കൊണ്ട ത്രൈത്വമായിരുന്നു. ജാതി മത സാമുദായിക ധൃവീകരണത്തിലൂടെ അധികാര പ്രാപ്തിയിലെത്താനുള്ള വ്യഗ്രതയുടെ അശ്ലീലത. ഇതിന്റെ മൂര്ദ്ധാവിനെയാണ് ജനാധിപത്യ കേരളം തല്ലിപ്പൊളിച്ചത്. ഈ പരിക്രിയക്ക് കേരളം കടപ്പെട്ടത് മറ്റാരേക്കാളേറെ സഖാവ് പിണറായി വിജയനോടാണ്. സമകാലീന ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി പിണറായി വിജയനോട്.
യുഡിഎഫിന് അധികാരവും ബിജെപിക്ക് അഞ്ചു സീറ്റുകളും എന്ന മിനിമം പരിപാടിയായിരുന്നില്ല കോലീബി. ഇടത് പക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കോര്‍പ്പറേറ്റ് കുത്തകകളുടെ ഒളിയജണ്ടകളുണ്ടായിരുന്നു അതിന്റെ പിന്നില്‍. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണക്കുതിപ്പിലൂടെ ലോകത്തിന്റെ മുമ്പില്‍ കേരളം കാഴ്ചവെച്ച വികസന മാതൃക കോര്‍പ്പറേറ്റുകളില്‍ അസ്വസ്ഥത പടര്‍ത്തിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ, ഊര്‍ജ, വ്യവസായിക, കാര്‍ഷിക, ഗതാഗത, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടം ചെറുതും വലുതുമായ കോര്‍പ്പറേറ് മൂലധനശക്തികളുടെ അടിത്തറയിളക്കുന്നതാണ്.അത് കൊണ്ട് തന്നെ സര്‍ക്കാരിനെ പിഴുതെറിയാനുള്ള ഒരു പുതിയ സമവാക്യം കോര്‍പ്പറേറ്റ് പണിപ്പുരയില്‍ രൂപപ്പെട്ടിരുന്നു. യുഡിഎഫിലെ ഉന്നതന്മാരും ബിജെപിയും ഈ രസക്കൂട്ടില്‍ തുല്യ പങ്കാളികളാണ്.
അധികാര മാറ്റമുണ്ടായാല്‍ കെ ഫോണുള്‍പ്പെടെയുള്ള കിഫ്ബി പദ്ധതികളെ മരവിപ്പിക്കുമെന്ന വീര്വാദങ്ങള് ഓര്‍മ്മയുണ്ടല്ലോ. പാര്‍ലമെന്റില്‍നിന്ന് നിയമസഭയിലേക്കുണ്ടായ കൂടുമാറ്റമൊക്കെ ഒറ്റപ്പെട്ട വ്യക്തിഗത രാഷ്ട്രീയമാണെന്ന് ആരും തെറ്റുദ്ധരിക്കരുത്. ഈ അജണ്ടയെയും പൊളിച്ചെഴുതി എന്നതാണ് ഇടത് പക്ഷ വിജയത്തിന്റെ മഹത്വം.
ഫാസിസത്തേക്കാള്‍ അപകടം മാര്ക്സിസമാണെന്ന വിതണ്ഡാ വാദവും ഇവിടെ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. കമ്പോള രാഷ്ട്രീയത്തിന്റെ തന്ത്രഭാണ്ഡത്തില് നിന്നാണ് ഈ ചെളിയേറിന്റെ ചേരുവകളൊപ്പിക്കപ്പെട്ടത്. വിദ്വേഷത്തിന്റെ വിഷം ചുരത്തുന്ന ബിജെപിക്ക് മാന്യത കല്പിക്കാനുള്ള ഈ നീക്കത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വിഭാഗീയതയുടെ സാമൂഹികത സൃഷ്ടിച്ചെടുക്കാനുള്ള തന്ത്രമുണ്ട്. ബിജെപിയും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ആവേശപൂര്‍വ്വം ഈ പ്രചാരണം കൊണ്ടാടി. ആവുംവിധം ജമാഅത്തെ ഇസ്ലാമിയും ഇതേറ്റു പിടിച്ചു. പ്രബുദ്ധരായ കേരളീയ പൊതു സമൂഹം ഇതൊക്കെയും പെറുക്കിയെടുത്ത് ചവറ്റുകൊട്ടയിലേക്കെറിഞ്ഞു വെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. അങ്ങനെ, പഠിക്കാനും പകര്‍ത്താനും ഏറെ പാഠങ്ങള്‍ തന്നു കൊണ്ടാണ് ജനാധിപത്യ കേരളം ഈ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here