തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുന്നു. തലസ്ഥാനത്ത് ബിജെപി പത്ത് കൊല്ലം പുറകിലേക്ക് പോയെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.തെരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ആണ് വിമര്‍ശനം ഉയര്‍ന്നത്. ജില്ലയിലെ പാര്‍ട്ടി സംവിധാനം ചലിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ബിജെപിക്ക് ഏറ്റവും ശക്തിയുളള തലസ്ഥാന ജില്ലയില്‍ ഉണ്ടായ തിരിച്ചടി പാര്‍ട്ടിക്കുളളില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. പാര്‍ലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ നിന്നും വലിയ തോതില്‍ വോട്ട് ചോര്‍ന്നത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. 2016 ല്‍ 27 ശതമാനം വോട്ട് തലസ്ഥാനത്ത് നേടിയ ബിജെപിക്ക് ഇത്തവണ 19 ശതമാനത്തിലെക്ക് കൂപ്പ് കുത്തി. ജില്ലാ നേതൃത്വം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്തതായും, ചര്‍ച്ചയില്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായും വിമര്‍ശനം ഉയര്‍ന്നു.

തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ പങ്കെടുത്തവരെല്ലാം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. നഗരസഭയില്‍ ബിജെപി ജയിച്ച വാര്‍ഡുകളില്‍ എല്ലാം എല്‍ഡിഎഫ് എങ്ങനെ മുന്നിലെത്തി എന്നതിനെ പറ്റി കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

നെടുമങ്ങാട് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും, പ്രവര്‍ത്തനത്തില്‍ അലംഭാവം ഉണ്ടായെന്നും ജെ ആര്‍ പദ്മകുമാര്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വട്ടിയൂര്‍ക്കാവില്‍ വോട്ട് വര്‍ദ്ധിച്ചെന്ന് വിവി രാജേഷ് അവകാശപ്പെട്ടു. എന്നാല്‍ ദുര്‍ബലയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിന്നിട്ടും കുമ്മനം 2016 ല്‍ പിടിച്ച വോട്ടുകള്‍ പോലും ലഭിച്ചില്ലെന്ന് വിമര്‍ശനവും ഉയര്‍ന്നു.

ഇതിനിടയില്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷും ,മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷും തമ്മില്‍ യോഗത്തില്‍ കൊമ്പ് കോര്‍ത്തു. ജില്ലാ പഞ്ചായത്ത് സീറ്റിലെ സുരേഷിന്റെ തോല്‍വി വിവി രാജേഷ്് പരാമര്‍ശിച്ചതാണ് സുരേഷിനെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്ക് താഴെ തട്ട് വരെ നിര്‍ജീവമായെന്ന് സുരേഷ് തിരിച്ചടിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പദവികള്‍ അടക്കം 25 ഓളം ജില്ലയിലെ പദവികള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ജില്ലാ നേതൃത്വത്തില്‍ ശൂന്യതയാണ് ഉണ്ടായിരുന്നതെന്നും എസ് .സുരേഷ് വിമര്‍ശനം ഉന്നയിച്ചു.

നേതാക്കള്‍ തമ്മില്‍ തര്‍ക്കത്തിലേക്ക് പോയതൊടെ ഇടയ്ക്ക് ഇടപെട്ട സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചര്‍ച്ച ജില്ലാ കോര്‍ യോഗത്തില്‍ മതിയെന്ന് പറഞ്ഞ് രംഗം മയപ്പെടുത്തി. എന്നാല്‍, തലസ്ഥാനത്ത് ബിജെപി പത്ത് കൊല്ലം പുറകിലേക്ക് പോയെന്ന് കണക്കുകള്‍ വിവരിച്ച് സുരേന്ദ്രന്‍ വിശദീകരിച്ചു. 2016 ലും, 2019 ലും തലസ്ഥാനത്ത് 27 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്ന ബിജെപി 19 ശതമാനത്തിലേക്ക് നിലംപതിച്ചത് നേതൃത്വത്തിന്റെ വീഴ്ച്ചയാണെന്ന വിലയിരുത്തലാണ് യോഗത്തിലുയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News