വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതല്‍ നടപടി

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ജനങ്ങൾക്കു കൂടുതൽ സൗകര്യമുറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം വാക്‌സിനേഷൻ നടക്കുന്ന സെന്ററുകളുടെ വിവരം ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറും.

ബന്ധപ്പെട്ട പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മതിയായ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കുകയും ബലപ്രയോഗമോ ആൾക്കൂട്ടമോ കൂടാതെ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയും ചെയ്യും.

ഓരോ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും അതത് ദിവസം എത്രപേർക്ക് വാക്‌സിൻ നൽകുന്നുവെന്ന വിവരം അതത് സെന്ററുകളിൽ പ്രദർശിപ്പിക്കണം. വാക്‌സിൻ സെന്ററിന്റെ ചുമതലയുള്ളയാൾ ഇക്കാര്യം ഉറപ്പാക്കണം. ടോക്കൻ സംവിധാനവും നടപ്പിലാക്കണം. വാക്‌സിനേഷൻ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ യൂണിഫോം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെയോ സന്നദ്ധ സേനാ പ്രവർത്തകരുടെയോ സേവനം ആവശ്യമെങ്കിൽ ബന്ധപ്പെട്ട പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ഉപയോഗപ്പെടുത്താം.

വാക്‌സിനേഷന് വരുന്നവർക്ക് ക്യൂ പാടില്ല. പകരം മുൻകൂട്ടി തയ്യാറാക്കിയ ടോക്കൺ നൽകി ഇരിക്കുവാനുള്ള സൗകര്യം ക്രമീകരിക്കണം. ഇക്കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ചുമതലയുള്ളവർ ഉറപ്പാക്കണം. ബന്ധപ്പെട്ട വാർഡ് മെമ്പർമാർ, കൗൺസിലർമാർ എന്നിവർ ഇക്കാര്യങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ തയ്യാറാകണം.

ആവശ്യമെങ്കിൽ വാർഡുതല സമിതി, വാർഡുതല വാർ റൂം എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്താം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യമായ സന്നദ്ധപ്രവർത്തകരെ വാർഡുതല വാർ റൂമിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഒരുതരത്തിലുള്ള കോവിഡ് പ്രോട്ടോക്കോൾ ലംഘനവും അനുവദിക്കില്ലന്നും ഇത് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel