കൊവിഡ് കാലത്ത് അധ്യാപികമാരെ നാട് കടത്തി അമൃത വിദ്യാലയത്തിന്റെ പ്രതികാര നടപടി

കൊവിഡ് കാലത്ത് അധ്യാപികമാരെ നാട് കടത്തി അമൃത വിദ്യാലയത്തിന്റെ പ്രതികാര നടപടി. കൃത്യമായി ശമ്പളം നല്‍കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റിയെന്നാണ് അധ്യാപികമാരുടെ പരാതി.

ഒന്‍പത് അധ്യാപികമാരെയാണ് കൊവിഡ് സാഹചര്യം പോലും പരിഗണിക്കാതെ തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റിയത്. കൊവിഡിന്റെ മറവില്‍ കൃത്യമായി ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നടപടി ചോദ്യം ചെയ്തതിനാണ് നാട് കടത്തിയുള്ള പ്രതികാരമെന്നാണ് അധ്യാപികമാരുടെ പരാതി.

കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ 40 ശതമാനം കുറച്ചാണ് ശമ്പളം നല്‍കുന്നത്. ഇതിനെതിരെ അധ്യാപികമാര്‍ നിയമ നടപടിയിലേക്ക് നീങ്ങി. തുടര്‍ന്ന് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ മുഴുവന്‍ ശമ്പളവും നല്‍കേണ്ടി വന്നു.

ഇതിനെ തുടര്‍ന്നാണ് പ്രതികാര നടപടിയെന്ന് അധ്യാപികമാര്‍ പറയുന്നു. വടകര, കൂത്തുപറമ്പ്, കൊടുങ്ങല്ലൂര്‍, ഇടപ്പള്ളി, താനൂര്‍, പുല്‍പ്പള്ളി അമൃത വിദ്യാലയങ്ങളിലെ അധ്യാപികമാരെയാണ് സ്ഥലം മാറ്റിയത്.

തമിഴ്‌നാട്ടിലെ രാമേശ്വരം, തിരുനെല്‍വേലി, തൂത്തുക്കുടി, തിരുപ്പൂര്‍, നാഗപട്ടണം, ചെന്നൈ, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റം. ജൂണ്‍ 9 ന് മുന്‍പ് പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കണം എന്നാണ് ഉത്തരവ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here