ഓക്സിജന്‍ ടാങ്കറെത്താന്‍ വൈകി; തെലങ്കാനയില്‍ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

ഓക്‌സിജൻ ടാങ്കറെത്താൻ വൈകിയതിനെ തുടർന്ന് തെലങ്കാനയിലെ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഏഴ് കൊവിഡ് രോഗികൾ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർക്ക് വഴി തെറ്റിയതിനെ തുടർന്നാണ് ആശുപത്രിയിൽ ഓക്‌സിജനെത്താൻ വൈകിയത്. ഹൈദരാബാദിലെ കിങ് കോട്ടി ആശുപത്രിയിൽ ഞായറാഴ്ചയാണ് ദയനീയസംഭവം നടന്നത്.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഓക്‌സിജൻശേഖരം കുറയുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ആശുപത്രി അധികൃതർ വിതരണകേന്ദ്രത്തിൽ വിവരമറിയിച്ചു. ആശുപത്രിയിലേക്ക് വരുന്നതിനിടെ ജദ്‌ചെർലയിൽ വെച്ച് ഡ്രൈവർക്ക് വഴി തെറ്റി. ടാങ്കറെത്താൻ വൈകിയതോടെ പരിഭ്രമത്തിലായ ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വാഹനത്തെ തിരഞ്ഞ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിയിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷൻ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. 35 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാല് രോഗികളെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ഓക്‌സിജൻ ടാങ്കറെത്താൻ വൈകിയതിനെ തുടർന്ന് രോഗികളുടെ ബന്ധുക്കൾ ഓക്‌സിജൻ സിലിണ്ടറുകൾക്കായി പരക്കം പായുന്ന അവസ്ഥയും ഉണ്ടായി.

മരിച്ചവരിൽ ഒരാളുടെ ബന്ധു ഓക്‌സിജൻ സിലിണ്ടർ സംഘടിപ്പിച്ചെത്തിയെങ്കിലും അപ്പോഴേക്കും രോഗി മരിച്ചതായി അധികൃതർ അറിയിച്ചു. അവസാന നിമിഷത്തിലുണ്ടായ പ്രതിസന്ധി കാരണം സിലിണ്ടറുകൾ തേടിപ്പോയ പലർക്കും ഏറെ വൈകിയാണ് ആശുപത്രിയിൽ തിരിച്ചെത്താൻ സാധിച്ചത്. കൊവിഡ് രോഗികൾക്ക് മാത്രമാണ് കിങ് കോട്ടി സർക്കാർ ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ചികിത്സ നൽകി വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here