പിപിഇ കിറ്റണിഞ്ഞ് ഒരു സംഘം ആളുകൾ വീട്ടുമുറ്റത്തേക്കു കയറി വരുന്നതു കണ്ടപ്പോൾ ആദ്യം വീട്ടുകാർ അമ്പരന്നു. പിപിഇ കിറ്റണിഞ്ഞു നിൽക്കുന്നത് നിയുക്ത എംഎൽഎയും നേതാക്കളുമാണെന്നറിഞ്ഞപ്പോൾ അമ്പരപ്പ് അശ്ചര്യത്തിനും ആശ്വാസത്തിനും വഴിമാറി.
കോവിഡിനെ ഭയന്നു വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകാനും ആശ്വാസം പകരാനുമാണ് ജനപ്രതിനിധികൾ ഭവന സന്ദർശനം നടത്തിയത്. അലപ്പുഴയിൽ നടന്ന പരിപാടിക്കു നിയുക്ത എംഎൽഎ പി.പി. ചിത്തരഞ്ജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ നേതൃത്വം നൽകി.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. “നാടിനായി നമ്മൾ ‘ എന്ന പേരിൽ ആര്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ഭവന സന്ദർശനം നടത്തിയത്.
12 സംഘങ്ങളായി 440 വീടുകളിലായിരുന്നു സന്ദർശനം. നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് വോളന്റിയർമാർ എന്നിവരും വിവിധ സംഘങ്ങളിൽ ഉണ്ടായിരുന്നു. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നു പി.പി. ചിത്തരജ്ഞൻ പറഞ്ഞു.
സന്ദർശനം നടത്തിയവർ മരുന്ന്, ഭക്ഷണം, വെള്ളം, സാധന സാമഗ്രികൾ തുടങ്ങിയ കാര്യങ്ങൾ ഉറപ്പു വരുത്തി. വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലും “നാടിനായി നമ്മൾ’ എന്ന കാമ്പയിൻ നടക്കും
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here