യമുനയിൽ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ; കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന് ആരോപണം, ആശങ്കയോടെ പ്രദേശവാസികൾ

ലഖ്​നോ: ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ. കൊവിഡ്​ സാഹചര്യത്തിൽ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങൾ കരക്കടിഞ്ഞത്​ പ്രദേശവാസികളെ ആശങ്കയിലാഴ്​ത്തി.​ തൊട്ടടു​ത്ത ഗ്രാമവാസികൾ കൊവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ​മൃത​ദേഹങ്ങൾ യമുനയിൽ ഒഴുക്കുകയാണെന്നാണ്​ ഉയരുന്ന ആരോപണം.

ഹാമിർപുരിലെ ഗ്രാമപ്രദേശങ്ങളിൽ കൊവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്​. ശ്മശാനങ്ങളിൽ സംസ്​കരിക്കാൻ കാത്തുകിടക്കേണ്ടതിനാൽ മൃതദേഹങ്ങൾ യമുന നദിയിൽ ഒഴുക്കുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു.

അതേസമയം പ്രാദേശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്​.ഉത്തർപ്രദേശ്​ പ്രാദേശിക ഭരണകൂടങ്ങൾക്കോ, ജില്ല ഭരണകൂടങ്ങൾക്കോ കൊവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം സംബന്ധിച്ച്​ കൃത്യമായ കണ​ക്കുകളില്ല. മരിച്ചവരുടെ കണക്കുകൾ ഇല്ലാത്തതിനാൽതന്നെ മൃതദേഹം എന്തുചെയ്​തുവെന്നും ഭരണകൂടങ്ങൾക്ക്​ വ്യക്തമല്ല. ഇവിടത്തെ ഗ്രാമപ്രദേശങ്ങളിൽ കൊവിഡ്​ മരണം കൂടുതലാണ്​. കാൺപുർ, ഹാമിർപുർ ജില്ലകളിലാണ്​ മരണനിരക്ക്​ കൂടുതൽ.

ഹാമിർപുരിലെ ഒരു ഗ്രാമത്തിൽ യമുനയുടെ തീര​ത്താണ്​ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്​. കൊവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുകയാണ്​ മിക്കവരും ചെയ്യുന്നതെന്നും നാട്ടുകാരിലൊരാൾ പറയുന്നു.ഹാമിർപുരിന്‍റെയും കാൺപുരിന്‍റെയും അതിർത്തിയിലൂടെയാണ്​ യമുനയുടെ ഒഴുക്ക്​. യമുന നദിയെ പവിത്രമായാണ്​ ഗ്രാമവാസികൾ കാണുന്നത്​. അതിനാൽ പണ്ടുമുതൽക്കേ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലൊഴുക്കുന്ന ആചാരങ്ങൾ ഇവിടെയുണ്ടെന്നായിരുന്നു എ.എസ്​.പി അനൂപ്​ കുമാർ സിങ്ങിന്‍റെ പ്രതികരണം.

കൊവിഡ്​ 19നെ തുടർന്നുള്ള പേടിയും മൃതദേഹം സംസ്​കരിക്കാതെ നദിയിലൊഴുക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here